ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന് ജ്യോതിയുടെ പ്രസ്താവന അനുചിതമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടെ തെറ്റിന് അവര്‍ തന്നെ സഭയില്‍ മാപ്പു പറഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സഭാ നടപടികള്‍ സുഗമമായി നടത്താന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സഹകരിക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു.
സാധ്വി നിരഞ്ജനെ പുറത്താക്കണെന്നാവശ്യപ്പെട്ട് സഭാസമ്മേളനം ഇന്നും തടസ്സപ്പെട്ട സാഹചര്യത്തിലാണ് രാജ്യസഭയില്‍ മോദി വിശദീകരണം നടത്തിയത്. സാധ്വി നിരഞ്ജന് ജ്യോതിയുടെ പ്രസ്താവന തെറ്റാണ്. ആദ്യ തവണ മന്ത്രിയായ ആളാണ് സാധ്വി. അവരുടെ തെറ്റിന് അവര്‍ തന്നെ മാപ്പു പറഞ്ഞു കഴിഞ്ഞു. പാര്‍ലമെന്റില്‍ മുതിര്‍ന്ന എംപിമാരുണ്ട്. അവര്‍ക്ക് അത് മനസിലാക്കാന്‍ കഴിയുമെന്ന് കരുതുന്നുവെന്നും മോദി പറഞ്ഞു.
സംസാരിക്കുമ്പോള്‍ എല്ലാവരും വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കണം എന്ന പാഠമാണ് ഈ സംഭവം നല്‍കുന്നത്. സാധ്വിയുടെ ക്ഷമാപണത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: