പത്തനംതിട്ട: നഗരസഭാ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനമേറ്റെന്ന പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ മാര്‍ക്സിസ്റ്റുകാരുടെ ശ്രമം. സംഭവത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ ഇന്നലെ ഇടതുമുന്നണി നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ നഗരത്തില്‍ ഗുണ്ടകള്‍ അഴിഞ്ഞാടി. നഗരമദ്ധ്യത്തില്‍ പോലീസിന്റെ കണ്മുന്നില് ബിജെപിയുടെ പതാകകളും തോരണങ്ങളും അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. ജയകൃഷ്ണന്‍മാസ്റ്റര്‍ ബലിദാന ദിനത്തോടുബന്ധിച്ച് വിവിധ റോഡുകളില്‍ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടു.
നഗരസഭാ കൗണ്‍സിലര്‍ വി.എ.ഷാജഹാന്, പാര്‍ട്ടിയംഗം ഷാഹുല്‍ഹമീദ് എന്നിവര്‍ക്ക് ചൊവ്വാഴ്ച വൈകിട്ട് വെട്ടിപ്പുറത്തുവെച്ച് മര്‍ദ്ദനമേറ്റെന്ന കാരണം പറഞ്ഞാണ് സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസില്‍ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നത്. നഗരസഭയിലെ എട്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇരുവര്‍ക്കും മര്‍ദ്ദനമേറ്റതെന്നും അറിയുന്നു. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്വം മുന്‍വൈരാഗ്യമുള്ള ചില സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ കെട്ടിവെയ്ക്കാനാണ് മാര്‍ക്സിസ്റ്റുകാരുടെ ശ്രമം. ഇതിന്റെ മറവില്‍ ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുക എന്ന ഗൂഡ ലക്ഷ്യത്തോടെ സര്‍വ്വകക്ഷിയോഗ തീരുമാനം അവഗണിച്ച് പത്തനംതിട്ടയില്‍ ഇന്നലെ ഹര്‍ത്താല്‍ നടത്തുവാനും ഒരു കൂട്ടര് തീരുമാനിക്കുകയായിരുന്നു.
ഇന്നലെ രാവിലെ നഗരത്തില്‍ അഴിഞ്ഞാടിയ ഗുണ്ടകള്‍ ഹോട്ടലുകളും മെഡിക്കല്‍ സ്റ്റോറുകളുമടക്കമുള്ള കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. ബിജെപിയുടെ പതാകകള്‍ നശിപ്പിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തപ്പോള്‍ പോലീസും കാഴ്ചക്കാരായി മാറി. പ്രാദേശിക ഹര്‍ത്താല്‍ ശ്രദ്ധയില്‍പെടാതെ നഗരത്തിലെത്തിയ ശബരിമല തീര്‍ത്ഥാടകരും വലഞ്ഞു. മണ്ഡല മകരവിളക്ക് ഉത്സവക്കാലം പത്തനംതിട്ട ജില്ലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കാന്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനിച്ചിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്നലെ നടത്തിയ സമരത്തില്‍ ഹോട്ടലുകളേയും മെഡിക്കല്‍ സ്റ്റോറുകളേയും ഒഴിവാക്കിയിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ളവ്യാപാരി വ്യവസായി സമിതി അയ്യപ്പന്മാരുടെ ക്ഷേമത്തിനായി കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ അതിന് പുറകേയാണ് ഇന്നലെ ഹര്‍ത്താലിന്റെ പേരില്‍ പെട്ടിക്കടകളടക്കം മാര്‍ക്സിസ്റ്റ് ഗുണ്ടകള്‍ അടപ്പിച്ചത്.
നഗരത്തില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ പതാകകളും ബോര്‍ഡുകളും തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ ബിജെപി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുവാന്‍ ശ്രമിച്ച നഗരസഭാ അംഗങ്ങളുടേയും മാര്‍ക്സിസ്റ്റ് ഗുണ്ടകളുടേയും പേരില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.ആര്.അജിത് കുമാര്‍ ആവശ്യപ്പെട്ടു. സിപിഎം നഗരസഭാ കൗണ്‍സിലര്‍മാരായ സക്കീര്‍ഹുസൈന്‍, അനീഷ്,സാബു, മാര്‍ക്സിസ്റ്റ് നേതാക്കളായ കുലശേഖരപതി അഷറഫ്, പള്ളിമുക്ക് റഷീദ്, റഫീക്ക്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബിജെപിയുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ചത്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും വ്യാപാരിവ്യവസായികളും ചേര്‍ന്ന് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗ തീരുമാനത്തെ അട്ടിമറിച്ചതിന് പിന്നില്‍ ശബരിമല തീര്‍ത്ഥാടകരെ ദുരിതത്തിലാക്കുക എന്ന ഗൂഡ തന്ത്രമാണുള്ളത്. ഇന്നലെ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മാര്‍ക്സിസ്റ്റ് ഗുണ്ടകളുടെ പേരില്‍ നടപടിയെടുക്കണമെന്നും തീര്‍ത്ഥാടകരോടുള്ള അവഗണന അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അജിത് കുമാര്‍ ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട ഡിവൈഎസ്പിയ്ക്ക് ബിജെപി ജില്ലാ പ്രസിഡന്റ് പരാതി നല്കി.
പ്രവര്‍ത്തകരെ കള്ളക്കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുന്നതിലും നഗരത്തില്‍ മാര്‍ക്സിസ്റ്റ് ഗുണ്ടകള്‍ അക്രമം നടത്തിയതിലും പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.പ്രകടനം സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ആര്.പ്രദീപ്, ബിജെപി ജില്ലാ പ്രസിഡന്റ് ടി.ആര്.അജിത് കുമാര്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി എ.എസ്.രഘുനാഥ്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സുരേഷ്, നഗരസഭാകൗണ്സിലര് കെ.ജി.പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ പരിവാര്‍ പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: