തൃപ്പൂണിത്തുറ: പീഡനത്തിനിരയാകുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ ക്രൂരമായ പെരുമാറ്റത്തെ നിശിതമായി വിമര്‍ശിച്ച് ഉദയംപേരൂര്‍ എസ്എന്‍ഡിപിഎച്ച്എസ്എസിലെ പെണ്‍കുട്ടികള്‍ അവതരിപ്പിച്ച ‘സദ്യ’ നാടകം സാമൂഹ്യാന്തരീക്ഷം വിളിച്ചോതി.
പീഡനത്തിനിരയാകുന്ന സ്ത്രീകളെ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തുടങ്ങുന്ന പീഡിത നാരീ പുനരധിവാസ കേന്ദ്രമാണ് നാടകത്തിന്റെ ഇതിവൃത്തം. സ്ഥാപനത്തിന്റെ ഒന്നാം വാര്‍ഷികത്തിന് എത്തുന്ന ഭരണാധികാരിയെ 13കാരിയായ അമ്മ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലുന്നു. ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലകള്‍ തോറും ഇത്തരം അഞ്ചുകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന അയാളുടെ പ്രസ്താവനയാണ് അവളെ പ്രകോപിപ്പിക്കുന്നത്. പീഡനങ്ങള്‍ ഇല്ലാതാക്കാനല്ല മറിച്ച ഇരകളെ സൃഷ്ടിക്കുന്നതിലാണ് ഭരണാധികാരികള്‍ താല്പര്യപ്പെടുന്നത് എന്ന് നാടകം ചൂണ്ടിക്കാട്ടുന്നു. എല്ലാ പീഡനക്കേസിലുമെന്ന പോലെ ഇരയുടെ മൊഴി അട്ടിമറിക്കപ്പെട്ട് കേസില്‍നിന്ന് രക്ഷപ്പെടുന്ന അയാള്‍ പിന്നീട് അതുപോലെ ഒരുകൂട്ടം സ്ത്രകളുടെ രക്ഷകന്റെ വേഷമണിഞ്ഞെത്തുന്നു.
”ഇരയെ കാണാന്‍ വിവിധ ഭാഗങ്ങളില്‍നിന്നു വന്നവര്‍ വാഹനങ്ങള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ പാര്‍ക്ക്ചെയ്യണം. മറൈന്‍ഡ്രൈവില്‍ ആരും പാര്‍ക്ക് ചെയ്യരുത്, കാരണം അവിടെ മറ്റൊരു സമരം നടക്കുന്നുണ്ട്” – പീഡനക്കേസിന്റെ വിചാരണയ്ക്കിടെ കോടതിയില്‍ മുഴങ്ങുന്ന ഈ അനൗണ്‍സ്മെന്റ് സമൂഹത്തിന്റെ മനസാക്ഷിക്കുനേരെയുള്ള ചോദ്യംകൂടിയാണെന്ന് നാടകത്തിലൂടെ കാണിക്കുന്നു.
സംവിധായകന് സി. എസ.് വിഷ്ണുരാജ് നല്കിയ ആശയത്തെ അധികരിച്ച് പത്ത് പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട ടീം തന്നെയാണ് നാടകം വികസിപ്പിച്ചത്. തിരക്കഥയില്ലാതെ രംഗങ്ങള്‍ക്കനുസരിച്ച് സംഭാഷണമൊരുക്കി വേദിയിലെത്തിച്ച നാടകത്തില്‍ ഏഴുപേര്‍ അരങ്ങിലും മൂന്നുപേര്‍ അണിയറിയിലും പ്രവര്‍ത്തിച്ചു. ഏഴുപേര്‍ അരമണിക്കൂറിനുള്ളില്‍ 32 കഥാപാത്രങ്ങളായി പകര്‍ന്നാടി വേദിയിലെ കൈയടക്കം കാത്തുസൂക്ഷിച്ചു. മീനുമോള്, സിംസണ്‍, അഞ്ജലി വിനോദ്, കെ എസ് അനുശ്രീ, സാറ ഷാജു, പി എസ് ശില്പ, അഞ്ജലി കൃഷ്ണ, ജാനുഷ പ്രസാദ്, രേഷ്മ വല്സന്, അബിദ സുരേഷ്, അഞ്ജു മോഹന്‍ എന്നിവരാണ് അരങ്ങിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: