Categories: Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജയിക്കണം

Published by

കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനിറങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി താരങ്ങള്‍ കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തുന്നു – ജന്മഭൂമി

കൊച്ചി: സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മില്‍ ഇന്ന് തീപാറും പോരാട്ടം. കഴിഞ്ഞ രണ്ട് കളികളില്‍ പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. നവംബര്‍ 26ന് ഗോവ എഫ്‌സിയോട് 3-0നും 30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോട് 1-0നും പരാജയപ്പെട്ടതിന്റെ ദുഃഖം മറന്നായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് നിര്‍ണായക പോരാട്ടത്തിനിറങ്ങുക.

നോര്‍ത്ത് ഈസ്റ്റാകട്ടെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗോവ എഫ്‌സിയോട് 3-0നും പരാജയപ്പെട്ടിരുന്നു. ഇന്നത്തെ കളിയില്‍ നോര്‍ത്ത് ഈസ്റ്റിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കൊച്ചിയുടെ സെമി സാധ്യതകളും മങ്ങും. രാത്രി 7നാണ് കളിയുടെ കിക്കോഫ്.

ഇന്നലെ പൂനെ സിറ്റി മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയതോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവില്‍ 12 കളികളില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന് 15 പോയിന്റാണുള്ളത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് 13 പോയിന്റുമായി ഏഴാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ബ്ലാസ്‌റ്റേഴ്‌സ് 12 കളികളില്‍ നിന്ന് എട്ട് ഗോളുകള്‍ നേടിയപ്പോള്‍ 11 എണ്ണം വഴങ്ങി. നോര്‍ത്ത് ഈസ്റ്റാകട്ടെ 10 ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ 12 എണ്ണം വഴങ്ങുകയും ചെയ്തു.

ഇന്നത്തേതുള്‍പ്പെടെ രണ്ട് മത്സരമാണ് ഇരുടീമുകള്‍ക്കും ഐഎസ്എല്ലില്‍ ബാക്കിയുള്ളത്. ഒമ്പതിന് പൂനെ സിറ്റി എഫ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന പോരാട്ടം. ഇനിയുള്ള രണ്ട് മത്സരങ്ങളും കൊച്ചിയിലെ നിറഞ്ഞുകവിയുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണെന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന് മുന്‍തൂക്കം നല്‍കുന്ന ഘടകം. കഴിഞ്ഞ ദിവസം ചെന്നൈയിന്‍ എഫ്‌സിക്കെതിരെ സ്‌റ്റേഡിയത്തിലെത്തിയത് 62,000ത്തോളം കാണികളാണ്. എന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിന് വിജയിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല പരാജയപ്പെടേണ്ടിയും വന്നതാണ് ഡേവിഡ് ജെയിംസിനെ കുഴയ്‌ക്കുന്നത്. കഴിഞ്ഞ ദിവസം അത്‌ലറ്റികോ കൊല്‍ക്കത്ത-ദല്‍ഹി ഡൈനാമോസ് പോരാട്ടം സമനിലയില്‍ കലാശിച്ചതും കേരള ക്യാമ്പിന് ആഹ്ലാദമേകി. ഈ കളിയില്‍ ദല്‍ഹി ജയിച്ചിരുന്നെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമായിരുന്നു.

നോര്‍ത്ത് ഈസ്റ്റുമായി ഗുവാഹത്തിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് 1-0ന് പരാജയപ്പെട്ടിരുന്നു. ഈ പരാജയത്തിന് പകരം വീട്ടാനുള്ള അവസരം കൂടിയാണ് ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിന് ലഭിക്കുക. മാത്രമല്ല സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇനിയുള്ള രണ്ട് കളികളും ബ്ലാസ്‌റ്റേഴ്‌സിന് വിജയിച്ചേ മതിയാവൂ. നോര്‍ത്ത് ഈസ്റ്റിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്ന് പരാജയപ്പെട്ടാല്‍ അവര്‍ സെമിയില്‍ പ്രവേശിക്കാതെ പുറത്താവുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ജീവന്മരണപോരാട്ടമായിരിക്കും ഇരുടീമുകളും നടത്തുക.

ഗോവക്കെതിരെയും ചെന്നൈയിന്‍ എഫ്‌സിക്കെതിരെയും കേളീ ശൈലിയില്‍ മാറ്റം വരുത്തിയതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. ഈ രണ്ട് കളികളിലും ബ്ലാസ്‌റ്റേഴ്‌സ് 4-4-2 രീതിയിലായിരുന്നു ഇറങ്ങിയത്. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ച മത്സരങ്ങളില്‍ 4-3-3 ശൈലിയാണ് സ്വീകരിച്ചിരുന്നത്. മാത്രമല്ല പ്രതിരോധനിരയിലെ സെഡ്രിക് ഹെംഗ്ബര്‍ട്ടിനെ ചെന്നൈയിന്‍ ടീമിനെതിരായ മത്സരത്തില്‍ കരയ്‌ക്കിരുത്തിയതും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. ഇന്ന് സന്ദേശ് ജിംഗാനൊപ്പം ഹെംഗ്ബര്‍ട്ട് കളിക്കാനിറങ്ങിയേക്കും.

പ്രതിരോധത്തില്‍ സന്ദേശ് ജിംഗാനൊപ്പം കോളിന്‍ ഫാല്‍വെ, റാഫേല്‍ റോമി, ഹെംഗ്ബാര്‍ട്ട്, സൗമിക് ഡേ, ഗുര്‍വിന്ദര്‍ സിംഗ് തുടങ്ങിയവര്‍ അദ്ധ്വാനിച്ച് കളിക്കുന്നവരാണ്. മധ്യനിരയെക്കുറിച്ചും ബ്ലാസ്‌റ്റേഴ്‌സിന് ഭയക്കാനില്ല. മധ്യനിരയില്‍ പ്ലേ മേക്കര്‍ സ്റ്റീഫന്‍ പിയേഴ്‌സണ്‍ സൂപ്പര്‍ ഫോമിലാണ്. പിയേഴ്‌സണൊപ്പം ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിയും കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ മൈക്കല്‍ ചോപ്രയും അവസരത്തിനൊത്തുയര്‍ന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ പൂവണിയും. ഇന്ന് 4-3-3 ശൈലിയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നതെങ്കില്‍ സ്‌ട്രൈക്കര്‍മാരായി ഇയാന്‍ ഹ്യൂമിനൊപ്പം പെഡ്രോ ഗുസ്മാവോയും സബീത്തോ/മിറാലസ് ഗൊണ്‍സാല്‍വസോ ഇറങ്ങാനാണ് സാധ്യത.

മറുവശത്ത് കോകെ എന്ന സ്പാനിഷ് താരത്തിന്റെ ബൂട്ടുകളില്‍ വിശ്വാസമര്‍പ്പിച്ചാണ് നോര്‍ത്ത് ഈസ്റ്റ് ഇറങ്ങുക. കോകെക്കൊപ്പം സാംബിയന്‍ താരം ഇസ്സാക് ചന്‍സ, ഇംഗ്ലീഷ് താരം ജെയിംസ് കീന്‍, ബ്രസീലിയന്‍ താരം ഗ്വില്ലെര്‍മോ ബടാറ്റ, ഇന്ത്യന്‍ താരങ്ങളായ ദുര്‍ഗ ബോറ, ബോയ്താംഗ് ഹോകിപ്, റാള്‍ട്ടെ എന്നിവരും മികച്ച മധ്യ-മുന്നേറ്റനിര താരങ്ങളാണ്. പ്രതിരോധത്തില്‍ കോട്ടകെട്ടാനുള്ള ചുമതല സ്പാനിഷ് താരം ജോണ്‍ കേപ്ഡിവിയയും ക്യാപ്റ്റനും പോര്‍ച്ചുഗല്‍ താരവുമായ മിഗ്വേല്‍ ഗാര്‍ഷ്യ, ദക്ഷിണ കൊറിയന്‍താരം ഡു ഡോങ് ഹ്യൂന്‍ തുടങ്ങിയവര്‍ക്കാകും. ഗോള്‍വലയം കാക്കാന്‍ ഇറങ്ങുക മലയാളി താരം രഹ്‌നേഷയായിരിക്കും. എങ്കിലും ബ്ലാസ്റ്റേഴ്സിനെപ്പോലെ തന്നെ സമ്മര്‍ദത്തിലാണ് എതിരാളികളായ നോര്‍ത്ത് ഈസക്കറ്റ് യുണൈറ്റഡ് എഫ്‌സിയും. ഗോവയില്‍നിന്നേറ്റ മൂന്നടി തോല്‍വിയുടെ ഭാരവുമായാണ് അവരും ഇന്നലെ കൊച്ചിയിലെത്തിയത്.

ഗോവയില്‍ അവരുടെ 3-5-2 ഫോര്‍മേഷന്‍ താറുമാറായിപ്പോയിരുന്നു. മധ്യനിരയിലെ കരുത്തനായ കൊണ്ട് വാനി എംതോങ്കയ്‌ക്കു പരുക്കേറ്റതും തിരിച്ചടിയായി. ബ്ലാസ്‌റ്റേഴ്‌സിനെതിരെ എംതോങ്ക കളിക്കുന്ന കാര്യം ഉറപ്പില്ല. എങ്കിലും ബ്ലാസ്‌റ്റേഴ്സിനെതിരെ യുവതാരങ്ങള്‍ നിറഞ്ഞ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയം ലക്ഷ്യമാക്കി ആഞ്ഞുപൊരുതും.

എന്തായാലും വിജയം കൊണ്ടു മാത്രമേ ഇരുടീമുകള്‍ക്കും സെമിസാധ്യത നിലനിര്‍ത്താന്‍ കഴിയൂ എന്നതിനാല്‍ ആവേശപോരാട്ടത്തിനായിരിക്കും ഇന്ന് കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by