മാഡ്രിഡ്: സ്പാനിഷ് കിംഗ്സ് കപ്പില്‍ റയല്‍ മാഡ്രിഡ് പ്രീ ക്വാര്‍ട്ടറിലെത്തി. രണ്ടാം ഡിവിഷന് ടീമായ കോര്നെല്ലെയെ തകര്‍ത്താണ് റയല്‍ അവസാന 16-ലേക്ക് കുതിച്ചത്. ആദ്യ പാദത്തില്‍ 4-1ന് വിജയിച്ച റയല്‍ മാഡ്രിഡ് ഇന്നലെ പുലര്‍ച്ചെ നടന്ന രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകളുടെ വിജയമാണ് ആഘോഷിച്ചത്. ഇതോടെ ഇരുപാദങ്ങളിലുമായി 9-1ന്റെ വിജയമാണ് റയല്‍ നേടിയത്.
സൂപ്പര്‍താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കരിം ബെന്‍സേമ, ഗരെത്ത് ബെയ്ല് എന്നിവരുടെ അസാന്നിധ്യത്തിലും തകര്‍പ്പന്‍ പന്തടക്കമാണ് റയല്‍ താരങ്ങള്‍ കാഴ്ചവെച്ചത്. റയലിന് വേണ്ടി ജെയിംസ് റോഡ്രിഗസ് രണ്ട് ഗോളുകള്‍ നേടി മിന്നുന്ന പ്രകടനം നടത്തി.
16, 34 മിനിറ്റുകളില്‍ ഗോള്‍ നേടിയ റോഡ്രിഗസിന് പുറമെ 32-ാം മിനിറ്റില്‍ ഇസ്കോ, 77-ാം മിനിറ്റില്‍ ജെസെ എന്നിവരും റയലിനായി ലക്ഷ്യം കണ്ടപ്പോള്‍ ഒരെണ്ണം കോര്നെല്ലെ താരം ലോപ്പസ് ഹീനോസയുടെ സെല്‍ഫ് ഗോളായിരുന്നു. ഏകദേശം ഒമ്പത് മാസത്തെ ഇടവേളക്കുശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയാണ് ജെസെ ഗോള്‍ നേടിയത്.
മറ്റൊരു ആദ്യപാദ മത്സരത്തില്‍ എസ്പാനിയോള്‍ 2-0ന് ആല്‍വാസിനെ കീഴടക്കിയപ്പോള്‍ അത്ലറ്റിക് ബില്‍ബാവോയും അല്കോയാനോയും തമ്മിലുള്ള പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു. അതേസമയം റയല്‍ വല്ലഡോളിഡും എല്‍ച്ചെയും തമ്മിലുള്ള കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചപ്പോള്‍ സെല്‍റ്റ ഡി വീഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലാസ് പല്‍മാസ് അട്ടിമറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: