തിരുവനന്തപുരം: തിരുവനന്തപുരം എല്‍എന്‍സിപിയില്‍ ഡിസംബര്‍ 8 മുതല്‍ 11 വരെ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കം കുറിച്ചുള്ള ദീപശിഖാപ്രയാണം ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ 9.30ന് എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്നും ദീപശിഖാറാലി ആരംഭിക്കും.
മന്ത്രി കെ. ബാബു ആഘോഷകമ്മിറ്റി ചെയര്മാന് റൂഫസ് ഡാനിയേലിന് ദീപശിഖ കൈമാറും. ഹൈബി ഈഡന് എംഎല്‍എ ആധ്യക്ഷ്യം വഹിക്കും. മേയര്‍ ടോണി ചമ്മിണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, കായികതാരം മേഴ്സിക്കുട്ടന്‍ തടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് 250ലധികം കായിക താരങ്ങളുടെ അകമ്പടിയോടെ തിരുവനന്തപുരത്തേയ്ക്ക് പ്രയാണം ആരംഭിക്കും.
അന്തരിച്ച കായികതാരം മുരളിക്കുട്ടന്റെ സ്മരണാര്‍ത്ഥം ആലപ്പുഴയില്‍ മുരളിക്കുട്ടന് പഠിച്ച തിരുവമ്പാടി എച്ച്എസ്സില്‍ ഒരുക്കുന്ന സ്മൃതി മണ്ഡപത്തില്‍ ദീപശിഖയ്ക്ക് വരവേല്‍പ്പ് നല്‍കും. നാളെ രാവിലെ 9.30ന് കൊല്ലം വിമലഹൃദയ എച്ച്എസ്എസില്‍ ജില്ലാതല പര്യടനം എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് മേയര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
11.30ന് ജില്ലാ അതിര്‍ത്തിയായ നാവായിക്കുളത്ത് ആറ്റിങ്ങല്‍ എം.പി സമ്പത്ത് ഔദ്യോഗികമായി സ്വീകരിക്കും. ആറ്റിങ്ങല്‍, കണിയാപുരം, കഴക്കൂട്ടം, ശ്രീകാര്യം മേഖലയിലെ സ്കൂളുകള്‍ അതാത് സ്കൂളുകള്‍ക്ക് മുമ്പില്‍ സ്വീകരണം നല്‍കും. 1.30ന് കേശവദാസപുരത്ത് ജില്ലാതല വരവേല്‍പ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസലിന്റെ നേതൃത്വത്തില്‍ നടക്കും.
1.45ന് പി.എം.ജി. ജംഗ്ഷനില്‍ മേയര്‍ കെ.ചന്ദ്രിക സ്വീകരിക്കും. മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അബ്ദുള്‍ റബ്ബ്, വി.എസ്. ശിവകുമാര്‍ തുടങ്ങിയവര്‍ എതിരേല്ക്കാന് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പങ്കുചേരും. ദേശീയ താരമായ അപ്സരയുടെ നേതൃത്വത്തില്‍ 20 വനിതാ കായികതാരങ്ങള്‍ ദീപശിഖയെ അനുഗമിക്കും.
3 മണിക്ക് എസ്എംവിഎച്ച്എസില് ഡിപിഐ എല്‍. രാജന് സെറിമണി കമ്മിറ്റി ചെയര്മാന് റൂഫസ് ഡാനിയേലില്‍ നിന്നും ദീപശിഖ ഏറ്റുവാങ്ങും ക്രിക്കറ്റ് താരം സഞ്ജുസാംസണ്, കായികതാരങ്ങളായ പത്മിനി തോമസ്, ഗീതു അന്നാ രാഹുല്‍, ഏലിയാമ്മ, ഷെര്‍ലി ഉലഹന്നാന് തുടങ്ങിയ താരങ്ങള്‍ ദീപശിഖാ റാലിയില്‍ പങ്കെടുക്കും.
ഡിസംബര്‍ 8ന് 1500ലധികം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. വിഭിന്ന ശേഷിയുള്ള പട്ടം സെന്റ്മേരീസ് ഹയര്‍ സെക്കന്ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അതുല്‍ എം. ഫത്താഫിന്റെ ജാസ് ഡ്രംസോടെയാകും കായിക മേളയിലെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയെന്ന് ആഘോഷ കമ്മിറ്റി ചെയര്മാന് റൂഫസ് ഡാനിയേല്‍ കണ്‍വീനര്‍ ബിന്നി ജോസഫ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഹാരീഷാ ബീഗം എന്നിവര്‍ വാര്‍ത്താമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: