ആലപ്പുഴ: ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവരെ സംരക്ഷിക്കുകയെന്നത് സമൂഹത്തിന്റെ കടമയാണെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പ്രായം കഴിഞ്ഞാല്‍ ഇത്തരം കുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ കടമയാണ്. അതിനുള്ള വഴി തേടുകയാണ് പ്രധാനം. അമ്മമാരാണ് ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ സംരക്ഷണത്തിന് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഭാവിയെക്കുറിച്ചുള്ള ഇവരുടെ ആശങ്കകള്‍ക്ക് പരിഹാരം കാണുകയാണ് വെല്ലുവിളി. മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മുഖ്യപങ്ക് വഹിക്കാന്‍ കഴിയും. പരിമിതികള്‍ ഉണ്ടെങ്കിലും സര്‍ക്കാരിതര സംഘടനകളും മിഷനറികളുമായി സഹകരിച്ച് സാമൂഹികനീതി വകുപ്പ് ഏറെ മുന്നോട്ടുപോകുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാ. കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.ജി. രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ എം. രാധാമണി, പ്രോബേഷന്‍ ഓഫീസര്‍ എം.ജെ. സാബു ജോസഫ്, ഐസിഡിഎസ്. സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എസ്. സുലക്ഷണ, ടി.പി. രഘുവരന്, പി.ടി. രാജപ്പന് എന്നിവര്‍ പ്രസംഗിച്ചു. സാമൂഹികനീതി വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: