ന്യൂദല്‍ഹി: ഐഎസ് ഭീകരര്‍ മാലെദ്വീപിനെ മുഖ്യതാവളങ്ങളിലൊന്നാക്കുന്നു. സുന്നി മുസ്ലിങ്ങള്‍ക്ക് ആധിപത്യമുള്ള മാലെദ്വീപില്‍ നിന്ന് ഐഎസില്‍ ചേരുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നത് ഭാരതത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. മേഖലയിലെ സമാധാന അന്തരീക്ഷത്തിന് കടുത്ത ഭീഷണിയുയര്‍ത്തുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. മാലെദ്വീപില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മിക്കവര്‍ക്കും കേരളവുമായി അടുത്തബന്ധമുണ്ടെന്നതും സ്ഥിതിഗതികളുടെ സങ്കീര്ണതയേറ്റുന്നു.
ഏറ്റവും കുറഞ്ഞത് 200 മാലെദ്വീപുകാര്‍ ഇറാഖിലും സിറിയയിലും ഐഎസിനുവേണ്ടി ഭീകര പ്രവര്ത്തനങ്ങളിലേര്പ്പെടുന്നതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ ദ്വീപില്‍ ജിഹാദുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. ഈ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ജനങ്ങളുടെ സഞ്ചാരത്തെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഭാരതത്തോട് ആവശ്യപ്പെട്ടതായി മാലെദ്വീപ് സുരക്ഷ ഉദ്യോഗസ്ഥരില്‍ ഒരാള്‍ വെളിപ്പെടുത്തി.
യാഥാസ്ഥിതിക മുസ്ലിങ്ങളെ പ്രോത്സാഹിപ്പിക്കാന്‍വേണ്ടി സൗദി അറേബ്യയില്‍ നിന്നുവരുന്ന പണത്തിന്റെതോത് അടുത്തകാലത്ത് പതിന്മടങ്ങ് വര്‍ധിച്ചിരുന്നു. ഇമാമുകള്പോലും ജനങ്ങളോട് ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്നു. പലരും ഭാര്യയും അമ്മയും ഉള്‍പ്പെടെ കുടുംബത്തെ ഒന്നാകെ ഭീകരതയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കഴിഞ്ഞ മാസം മാലെദ്വീപിന്റെ തലസ്ഥാന നഗരിയില്‍ ഐഎസ് അനുകൂല പ്രകടനവും അരങ്ങേറി. രാജ്യത്തു ഭീകരതവേരുറപ്പിച്ചെന്ന് മാലെദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ് തന്നെ സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: