ചെങ്ങന്നൂര്‍: പക്ഷിപ്പനിയെ തുടര്‍ന്ന് കോഴിയുടെ വിപണനവും കടത്തും സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ മുട്ടക്കോഴി കര്‍ഷകര്‍ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞദിവസം രാവിലെ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി കവാടത്തിലെത്തിയ കര്‍ഷകര്‍ കോഴിയിറച്ചി വറുത്തും കോഴിമുട്ട പുഴുങ്ങി വിതരണം ചെയ്തുമാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
ആലപ്പുഴയില്‍ നിന്നും എത്തിയ കര്‍ഷകര്‍, മാവേലിക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്ഷര്‍ നേഴ്സറി ഓണേഴ്സ് അസോസിയേഷന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. പക്ഷിപ്പനി ഭീഷണിയെ തുടര്‍ന്ന് കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലും കോട്ടയം, പത്തനംതിട്ട ജില്ലകളിലും താറാവുകളെ കൂട്ടമായി കൊന്നൊടുക്കുന്നതിന്റെ തുടര്‍ നടപടിയായി മുട്ടക്കോഴികളുടെ ഉത്പ്പാദനവും, വിപണനവും സര്‍ക്കാര്‍ നിരോധിച്ചതാണ് കര്‍ഷകരെ വഴിമുട്ടിച്ചത്.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വിവിധ സ്കീമുകളില്‍ ഉള്‍പ്പെടുത്തി നിരവധി എക്ഷര്‍ നേഴ്സറികളിലായി ആയിരക്കണക്കിന് മുട്ടക്കോഴി കുഞ്ഞുങ്ങളാണ് വിവിധ പ്രായത്തില്‍ വളര്‍ന്നു നില്‍ക്കുന്നത്. നിരോധനം വന്നതോടെ ഇവയെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. ബഹുഭൂരിപക്ഷവും രണ്ട് മാസം പ്രായമുള്ളവയാണ്.
46 ദിവസം പ്രായമാകുമ്പോള്‍ വില്‍ക്കേണ്ട കോഴികുഞ്ഞുങ്ങളെ കൂടുതല്‍ തീറ്റ നല്കി വളര്‍ത്തേണ്ടി വരുന്നത് ഇവര്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. ഷെഡ്ഡുകളില്‍ വളര്‍ത്തുന്ന കോഴികളില്‍ ഇതുവരെ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്കൂള്‍ കുട്ടികള്‍ക്ക് ഉള്‍പ്പടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പദ്ദതികള്‍ വഴി കോഴികുഞ്ഞുങ്ങളെ വിറ്റഴിക്കാനുളള അനുവാദം സര്‍ക്കാര്‍ നല്‍കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. 40 ദിവസത്തിനുമേല്‍ പ്രായമുളള കോഴികുഞ്ഞുങ്ങളുടെ വില 90 രൂപയില്‍ നിന്നും 125 രൂപയായി ഉയര്‍ത്തണമെന്നും ഇവര്‍ പറയുന്നു.
ഇറച്ചിക്കോഴി കര്‍ഷകരുടെ സ്ഥിതിയും മറിച്ചല്ല. പക്ഷിപ്പനിയെ തുടര്‍ന്ന് ഉവയുടെ വിപണനവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ക്രിസ്തുമസ്-ന്യൂഇയര്‍ സീസണ് പ്രമാണിച്ച് മാര്‍ക്കറ്റ് പിടിക്കുന്നതിനുളള അന്യസംസ്ഥാന ലോബികളുടെ തന്ത്രമാണ് ഇതിന് പിന്നിലെന്നും ഇവര്‍ ആരോപിക്കുന്നു. പക്ഷിപ്പനി സാധാരണ കോഴികളില്‍ ഇല്ലെന്ന് തെളിയിക്കാനാണ് കോഴിയെ വറുത്തും മുട്ടപുഴുങ്ങിയും പ്രതിഷേധക്കാര്‍ കഴിച്ചതും പൊതുജനങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്തതെന്നും അസോസിയോഷന് സെക്രട്ടറി എന്‍.രാജശേഖരന് നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: