തൃശൂര്‍: രക്തസാക്ഷികളെപ്പോലും അപമാനിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കമ്മ്യൂണിസ്റ്റ് ആചാര്യന്റെ സ്മാരകം തകര്‍ക്കുന്ന അണികളും പ്രവര്‍ത്തകരുടെ മരണത്തിന് ഉത്തരവാദിയെന്ന് നേരത്തെ ആരോപിച്ചിരുന്നയാളെ വിശുദ്ധരാക്കുന്ന നേതാക്കളുമാണ് ഇന്ന് സിപിഎമ്മിലുള്ളത്. ഏത് നീചമായ പ്രവൃത്തിയും തങ്ങള്‍ ചെയ്യുമെന്ന് സിപിഎം നേതാക്കളും പ്രവര്‍ത്തകരും തെളിയിക്കുകയാണ്. തൃശൂര്‍ തെക്കേ ഗോപുരനടയില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച് നടന്ന ജനശക്തി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
കൂത്തുപറമ്പ് രക്തസാക്ഷികളെ അപമാനിച്ചാണ് സിപിഎം എം.വി.രാഘവനെ ഏറ്റെടുക്കുന്നത്. വെടിവെപ്പില്‍ അഞ്ച് പ്രവര്‍ത്തകര്‍ മരിച്ചതിനുത്തരവാദിയെന്നും കൊലയാളി രാഘവനെന്നും ആക്ഷേപിച്ച സിപിഎമ്മിന്റെ മനംമാറ്റം കോടികളുടെ സ്വത്തില്‍ കണ്ണ് വെച്ചിട്ടാണ്. തൊഴിലാളി വര്‍ഗ്ഗ സിദ്ധാന്തം പറയുന്ന പാര്‍ട്ടി പണത്തിനുമുന്നില്‍ രക്തസാക്ഷികളെപ്പോലും അപമാനിക്കുന്നു. രക്തസാക്ഷി കുടുംബങ്ങളില്‍ നിന്നും രൂക്ഷമായ ശകാരമാണ് സിപിഎം നേരിടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഇരുപതാം രക്തസാക്ഷി വാര്‍ഷികത്തില്‍ വെടിവെപ്പ് പോലീസിന്റെ ഗൂഢാലോചനയായിരുന്നുവെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. കഴിഞ്ഞ 19 വര്‍ഷം ഇതിന്റെ പേരില്‍ രാഘവനെ വേട്ടയാടിയവരാണ് ഇപ്പോള്‍ മാറ്റിപ്പറയുന്നത്. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്ന കൃഷ്ണപിള്ളക്കുപോലും രക്ഷയില്ലെന്നാണ് ആലപ്പുഴയിലെ സംഭവം തെളിയിക്കുന്നത്.
ഒരുകാലത്ത് യുവാക്കളെ ആകര്‍ഷിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്ന് ആര്‍ക്കും വേണ്ടാത്ത ഓട്ടമുക്കാലായി മാറിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് എന്ന് പറയുന്നത് ജനങ്ങള്‍ക്ക് ഇന്ന് പുഛമാണ്. ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം മാത്രം കൈമുതലുള്ള സിപിഐഎമ്മിനെ കോംപ്രമൈസ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് തിരുത്തി വായിക്കേണ്ടിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി അഴിമതികള്‍ ഉയര്‍ന്നു വന്നിട്ടും ശക്തമായ സമരം നടത്താന്‍ പോലും സിപിഎമ്മിന് കഴിയാത്തത് ഒത്തുകളി മൂലമാണ്. മാണിക്കെതിരെ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ പിണറായി ആദ്യം നടത്തിയ പ്രസ്താവനയില്‍ സമരത്തിനില്ലെന്ന് വ്യക്തമാക്കിയിരുന്നു. മുന്നണിയിലെ സിപിഐ തന്നെ സിപിഎമ്മിനെതിരെ ഒത്തുകളി ആരോപിച്ചു. ഇത് ആദ്യം ബിജെപി പറഞ്ഞപ്പോള്‍ എല്ലാവരും അവഗണിച്ചു.
വരും നാളുകളില്‍ ബിജെപിയുടെ മുന്നേറ്റമാണ് കേരളം കാണാന്‍ പോകുന്നത്. സിപിഎമ്മിന്റെ രക്തസാക്ഷി കുടുംബങ്ങള്‍ പോലും ഇന്ന് ബിജിപിയിലെത്തുന്നു. മോദി തരംഗം ബംഗാളില്‍ സിപിഎമ്മിനെ തകര്‍ത്തു തരിപ്പണമാക്കിയതുപോലെ കേരളത്തിലും ആഞ്ഞുവീശും. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമുന്നണിയായി മത്സരിക്കുന്ന കാലം കേരളത്തില്‍ വിദൂരമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ കെ.വി.ശ്രീധരന്‍ മാസ്റ്റര്‍, രമാരഘുനന്ദനന്‍, ഇ.രഘുനന്ദനന്‍, പി.എസ്.ശ്രീരാമന്‍, പി.എം.ഗോപിനാഥ്, അഡ്വ.ബി.ഗോപാലകൃഷ്ണന്‍, ഷാജുമോന്‍ വട്ടേക്കാട്, കെ.പി.ജോര്‍ജ്, അഡ്വ.കെ.എസ്.സുധീര്‍ ബേബി, ദയാനന്ദന്‍ മാമ്പുള്ളി, അനീഷ് ഇയ്യാല്‍, സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, എ.ആര്‍.ശ്രീകുമാര്‍, ഇ.വി.കൃഷ്ണന്‍ നമ്പൂതിരി, അഡ്വ.കെ.കെ.അനീഷ്‌കുമാര്‍, പി.ഗോപിനാഥ്, സി.പി.സെബാസ്റ്റ്യന്‍, ഷൈജന്‍ നമ്പനത്ത്, പത്മിനി പ്രകാശന്‍, സുനില്‍ ജി.മാക്കന്‍, എസ്.ശ്രീകുമാരി, സ്യാമള പ്രേമദാസ്, ജെസ്റ്റിന്‍ ജേക്കബ്, സേവിയന്‍ പള്ളത്ത്, പ്രസന്ന ശശി, ലിജി മനോഹരന്‍, ഉഷ അരവിന്ദ്, പി.പി.ജോണി, കെ.കെ.ശ്രീനിവാസന്‍ എന്നിവര്‍ സംബന്ധിച്ചു. അഡ്വ.രവികുമാര്‍ ഉപ്പത്ത് സ്വാഗതവും എ.ഉണ്ണിക്കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ബലിദാനദിത്തോടനുബന്ധിച്ച് ബൂത്ത് കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചന നടന്നു. ജില്ലാ തല ഉദ്ഘാടനം ബിജെപി ജില്ലാ ഓഫീസിനു മുന്നില്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.വി.ശ്രീധരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. എ.നാഗേഷ് അധ്യക്ഷത വഹിച്ചു. ജി.മഹാദേവന്‍, രവികുമാര്‍ ഉപ്പത്ത്, സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, ഷാജന്‍ ദേവസ്വം പറമ്പില്‍, എം.അനന്തകൃഷ്ണന്‍, ഉദയന്‍ കടവത്ത് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: