തിരുവനന്തപുരം: ത്രിപുര മുഖ്യമന്ത്രിയും പോളിറ്റ്ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍ നരേന്ദ്രമോദിയെ ക്ഷണിച്ചതിലൂടെ നരേന്ദ്രമോദിയേയും ബിജെപിയേയും സിപിഎം അംഗീകരിച്ചുവെന്ന് വ്യക്തമായിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. കെ.ടി ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച് ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണത്തിലുള്ളവര്‍ അഴിമതി നടത്തുന്നത് കേരളത്തില്‍ അത്ഭുതമല്ല. പക്ഷെ പ്രതിപക്ഷത്തിരിക്കുന്ന സിപിഎം അഴിമതിയുമായി സന്ധിചെയ്യുന്നതാണ് ഇന്ന് കാണാന്‍ കഴിയുന്നത്.
പരസ്പരം അഴിമതി നടത്തുകയും അഡ്ജസ്റ്റുമെന്റ് സമരം നടത്തുകയും ചെയ്യുന്ന ഇടത്-വലത് മുന്നണികള്‍ക്കെതിരെയുള്ള ജനരോഷമാണ് ബിജെപി ശക്തി പ്രാപിക്കുന്നതിന് കാരണം. അഴിമതിയില്‍ മുങ്ങിയ കേരളത്തിലെ മുന്നണികള്‍ വികസനം നടത്താന്‍ മറന്നിരിക്കുകയാണ്.
ബിജെപിയുടേത് വിദ്വേഷത്തിന്റെ രാഷ്ട്രീയമല്ല, സ്നേഹത്തിന്റേതാണ്. കൊലപാതക രാഷ്ട്രീയത്തിലൂടെ ബിജെപിയെ ഇല്ലാതാക്കാന്‍ നിരന്തരം ശ്രമിക്കുന്നവരാണ് സിപിഎം. കേരളത്തിലെ സാധാരണക്കാരനെ ആശങ്കയിലാഴ്ത്തുന്നത് സിപിഎം നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷത്തിന്റെ മൗനമാണ്.
കേരളത്തില്‍ ഇപ്പോള്‍ പ്രതിപക്ഷമില്ല. കഴിവുകെട്ട പ്രതിപക്ഷമുള്ളപ്പോള്‍ ഭരണപക്ഷത്തിരിക്കുന്നവര്‍ എന്തു നെറികേടും കാട്ടിക്കൂട്ടും. കേരളത്തില്‍ സദ്ഭരണം ഉണ്ടാകണമെങ്കില്‍ ശക്തമായ പ്രതിപക്ഷം വേണം. അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ കൂടെപ്പിറപ്പാണ് അഴിമതി എന്നത്. എന്നാല്‍ നിയമസഭയില്‍ ഭരണപക്ഷം വിലക്കു വാങ്ങിയ 67 എംഎല്‍എമാരാണ് പ്രതിപക്ഷത്തിരിക്കുന്നത്.
കേരളത്തില്‍ ശക്തമായ പ്രതിപക്ഷമാകാന്‍ ബിജെപിക്ക് കഴിയും. ജനങ്ങള്‍ അതാഗ്രഹിക്കുന്നുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനല്ല, ഭരിക്കുന്നവരുടെ കൊള്ളരുതായ്മ തുറന്നു കാട്ടുന്ന ജനപക്ഷത്തു നില്ക്കുന്ന പ്രതിപക്ഷമാകണം. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അധസ്ഥിതര്‍ക്കും വേണ്ടി ഒരുകാലത്ത് നിലകൊണ്ട മാര്‍ക്സിസ്റ്റു പാര്‍ട്ടി ഇന്ന് പുത്തന്‍ പണക്കാരുടെ സംരക്ഷകരാണ്.
അവരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നു. എന്നാല്‍, ഭാരതത്തിന്റെ പ്രധാനമന്ത്രി പാവപ്പെട്ടവരുടെ നേതാവാണ്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച പ്രധാനമന്ത്രിമാരുണ്ടായിരുന്നു ഭാരതത്തിന്. എന്നാല്‍, എല്ലാ വിഷമതകളും സഹിച്ച് ഉയര്‍ന്നു വന്ന പ്രധാനമന്ത്രിക്ക് രാജ്യത്തെ പാവപ്പെട്ടവന്റെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ കഴിയും. അതുകൊണ്ടാണ് അയ്യന്‍കാളി ജയന്തി ദിനം ഉദ്ഘാടനം ചെയ്യാന്‍ കെപിഎംഎസ് നരേന്ദ്രമോദിയെ ക്ഷണിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ച തെറ്റ് തിരുത്താന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ജനങ്ങളോടൊപ്പം ജീവിച്ച വ്യക്തിയായ കെ.ടി. ജയകൃഷ്ണന്റെ ബലിദാനദിനത്തില്‍ എടുക്കേണ്ട പ്രതിജ്ഞയെന്നത് നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് മുന്നിട്ടിറങ്ങണമെന്നതാണ്. സ്വന്തം നാട്ടിലെ ജനങ്ങളുടെ എന്താവശ്യത്തിനും മുന്നില്‍ നിന്നിരുന്ന വ്യക്തിയാണ് ജയകൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: