ആലപ്പുഴ: സമാധാനത്തിന്റെ ശത്രുക്കളാണ് സിപിഎമ്മെന്നും, സിപിഎം ഉള്ളിടത്തോളം കാലം കേരളത്തില്‍ സമാധാന അന്തരീക്ഷം പുലരില്ലെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്. കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണത്തോട് അനുബന്ധിച്ച് ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം മുക്ത കേരളം എന്ന പ്രതിജ്ഞയെടുക്കാന്‍ ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനത്തില്‍ നമ്മള് തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യമെമ്പാടും കൊലയാളികളുടെ പ്രസ്ഥാനമായ സിപിഎം നാമാവശേഷമാകുകയാണ്. കേരളത്തിലും ഇതിന്റെ തുടക്കം കുറിച്ചുകഴിഞ്ഞു. സിപിഎമ്മിന്റെ കോട്ടയെന്ന് അവര്‍ അവകാശപ്പെട്ടിരുന്ന ആലപ്പുഴ സിപിഎമ്മിന്റെ ശവക്കല്ലറയായി താമസിയാതെ മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇതര രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ മേല്‍ എന്തു ക്രൂരതയും കാട്ടാന്‍ സിപിഎമ്മിനു മടിയില്ല. സമാധാനത്തിന്റെ ശത്രുക്കളാണിവര്‍. സമാധാനമില്ലാത്തിടത്തു സ്വാതന്ത്ര്യമുണ്ടാവില്ല. ഇതു രണ്ടുമില്ലെങ്കില്‍ വികസനവും സാദ്ധ്യമല്ല. കേരളത്തില്‍ സംഭവിക്കുന്നതു ഇതാണ്. മറ്റ് ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവരെ കൊന്നൊടുക്കുന്നതു മാത്രമല്ല, ഭീകരത സൃഷ്ടിക്കാനും സിപിഎം തയാറാവുന്നു. പാര്‍ട്ടിയുടെ ഈ നേതൃത്വത്തിനു കീഴില്‍ കൊലപാതക പരമ്പരകള്‍ ആവര്‍ത്തിക്കുകയാണ്. ഈ സാഹചര്യത്തില്‍ സത്യം തിരിച്ചറിഞ്ഞു സിപിഎമ്മുകാര്‍ വ്യാപകമായി ബിജെപിയിലേക്ക് അണിചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന്, ആര്‍എസ്പി- ബി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ.വി. താമരാക്ഷന്‍, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം അനില്‍കുമാര്‍, സി.എ. പുരുഷോത്തമന്, സാനു സുധീന്ദ്രന്‍, പാലമുറ്റത്തു വിജയകുമാര്‍, പി.കെ. വാസുദേവന്‍, അമ്പിളി മധു, എസ്. ഗിരിജ, ടി.കെ. അരവിന്ദാക്ഷന്, കെ.ജി. കര്‍ത്ത തുടങ്ങി ജില്ലാ, സംസ്ഥാന നേതാക്കള്‍, മോര്‍ച്ച ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന് ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: