ആലപ്പുഴ: പക്ഷിപ്പനി രോഗപ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. താറാവുകളെ സംസ്കരിച്ച സ്ഥലങ്ങളും ഇവയെ പാര്‍പ്പിച്ച പാടശേഖരങ്ങളും അണുവിമുക്തമാക്കുന്ന പ്രവര്‍ത്തികളും പുരോഗമിക്കുന്നു. പക്ഷിപ്പനി കണ്ടെത്തിയ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകളിലുള്ള പക്ഷികളെ നശിപ്പിക്കാനും പരിസരം അണുവിമുക്തമാക്കാനുള്ള നടപടികളുമാണ് എട്ടു പേരടങ്ങുന്ന സംഘം നിര്‍വഹിക്കുന്നത്. തിങ്കളാഴ്ച ജില്ലയില്‍ 12764 താറാവുകളെ കൊന്ന് സംസ്ക്കരിച്ചു.
ആരോഗ്യവകുപ്പിന്റെ 304 സംഘങ്ങള്‍ വീടുകളില്‍ ആരോഗ്യസര്‍വേ തുടരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ തിങ്കളാഴ്ച 13,938 വീടുകള്‍ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. ആരിലും പക്ഷിപ്പനിയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. 27,340 പ്രതിരോധ ഗുളികകളും 790 കിറ്റുകളും സ്റ്റോക്കുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തെ അറിയിച്ചു. ചമ്പക്കുളം അടക്കം താറാവുകള്‍ ചത്തതായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍നിന്ന് പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലം ലഭിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.
എഡിഎം: ആന്റണി ഡൊമിനിക്, ഡിഎംഒ: ഡോ. കെ.എ. സഫിയാബീവി, മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. വി. ഗോപകുമാര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ തോമസ് ബേബി, ഡപ്യൂട്ടി കളക്ടര്‍ കെ.ആര്. ചിത്രാധരന്‍, ഡിവൈഎസ്പി: എം. ജോണ്സണ് ജോസഫ്, തഹസില്‍ദാര്‍മാരായ എ. ഹുസൈന്, പി. സുനില്‍കുമാര്‍, പി.എസ്. സ്വര്‍ണമ്മ എന്നിവര്‍ പങ്കെടുത്തു. താറാവിനെ സംസ്കരിച്ച നെടുമുടിയിലെ പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: