കൊച്ചി: തിങ്ങിനിറഞ്ഞ പുരുഷാരങ്ങള്‍ക്ക് നിരാശ സമ്മാനിച്ച പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ശരാശരി നിലവാരത്തിലേക്ക് മാത്രം ഉയര്‍ന്ന കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയിന് എഫ്സി ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം പകരക്കാരനായി ഇറങ്ങിയ ബ്രൂണോ പെലിസാറിയാണ് 87-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ഹൃദയത്തില്‍ ആണിയടിച്ചുകയറ്റിയത്. അതോടെ കഴിഞ്ഞ മത്സരത്തില്‍ ഗോവ എഫ്സിയോടേറ്റ പരാജയത്തിന് പിന്നാലെ സ്വന്തം മണ്ണിലും ബ്ലാസ്റ്റേഴ്സിന് തോല്‍വി വഴങ്ങേണ്ടിവന്നു. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈയിന് എഫ്സി 22 പോയിന്റുമായി സെമിഫൈനലില്‍ പ്രവേശിച്ചു. 15 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത് നിലകൊണ്ടു.
ഗോവക്കെതിരായ എവേ മത്സരത്തില്‍ തോറ്റ ടീമില്‍ വന്‍ അഴിച്ചുപണിനടത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ ചെന്നൈയിന് എഫ്സിക്കെതിരെ പടയ്ക്കിറങ്ങിയത്. ആദ്യ ഇലവനില്‍ ബ്ലാസ്റ്റേഴ്സ് ആറ് മാറ്റങ്ങള്‍ വരുത്തി. കഴിഞ്ഞ 11 മത്സരങ്ങളിലും പ്രതിരോധം കാത്ത സെഡ്രിക് ഹെംഗ്ബര്ത്തിന് ബ്ലാസ്റ്റേഴ്സിന്റെ സൈഡ് ബെഞ്ചിലായിരുന്നു ഇടം. സ്കോട്ട്ലന്റ് താരം ജെയിംസ് മക്കലിസ്റ്റര്‍ ഹെംഗ്ബര്‍ട്ടിന്റെ പകരക്കാരനായി. സൗമിക് ദേയ്ക്ക് പകരം അവിനാഭോ ബാഗും ഗോഡ്വിന് ഫ്രാങ്കോക്ക് പകരം കോളിന് ഫാല്‍വെയും ഇഷ്ഫഖ് അഹമ്മദിന് പകരമായി മിലാഗ്രസ് ഗൊണ്‍സാല്‍വസും ബ്രസീലിയന്‍ താരം പെ്രേഡാ ഗുസ്മാവോക്ക് പകരം മലയാളിയായ സി.എസ്. സബീത്തും ആന്‍ഡ്രൂ ബരിസിക്കിന് പകരമായി തുറുപ്പുചീട്ട് ഇയാന്‍ ഹ്യൂമും വന്നു.
നോര്‍ത്ത്-ഇൗസ്റ്റിനെതിരായ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങള്‍ ചെന്നൈയിന് എഫ്സിയും നടത്തി. പെലിസാറിക്ക് പകരം മൈക്കില്‍ സില്‍വസ്റ്ററെയും ജീന്‍ മൗറിസിന് പകരം ക്രിസ്റ്റിയന്‍ ഗൊണ്‍സാലസും കളത്തിലിറങ്ങി. കഴിഞ്ഞ മത്സരത്തിലെപോലെ 4-4-2 ശൈലിയാണ് ബ്ലാസ്റ്റേഴ്സ് പരീക്ഷിച്ചത്. മറുവശത്ത് ചെന്നൈയിന് എഫ്സി 4-3-1-2 ശൈലി അവലംബിച്ചു.
മുന്‍പ് നടന്ന ഹോം മത്സരങ്ങളിലെ മികവ് തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ആരംഭത്തില്‍ തന്നെ ചെന്നൈയിന് മുന്നേറ്റത്തിന് മുന്നില്‍ വിറച്ച ബ്ലാസ്റ്റേഴ്സ് നിരയില്‍ ഹെംഗ്ബര്‍ട്ടിന്റെ അഭാവം നിഴലിച്ചു. മധ്യനിരയില്‍ കഴിഞ്ഞ മത്സരങ്ങളില്‍ തകര്‍ത്തുകളിച്ച സ്റ്റീഫന്‍ പിയേഴ്സണും താളം കണ്ടെത്താന്‍ വിഷമിച്ചുപോയി.
നാലാം മിനിറ്റില്‍ ചെന്നൈയിന് എഫ്സിക്ക് കളിയിലെ ആദ്യ അവസരം ലഭിച്ചു. ക്രിസ്റ്റിയന്‍ ഹിഡാല്‍ഗോ ഷോട്ട് ഉതിര്‍ത്തെങ്കിലും ഡേവിഡ് ജെയിംസ് കോര്‍ണറിന് വഴങ്ങി അപകടം ഒഴിവാക്കി. പത്താം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ മികച്ച നീക്കം വന്നത്. സന്തോഷ് ജിംഗാന് പന്തുമായി വലതുപാര്‍ശ്വത്തിലൂടെ മുന്നേറി സബീത്തിന് നല്കി. സബീത്ത് രണ്ട് ചെന്നൈയിന് താരങ്ങള്‍ക്കിടയിലൂടെ ഹ്യൂമിന് പന്ത് മനോഹരമായി മറിച്ചുകൊടുത്തു. എന്നാല്‍ ഹ്യൂമിന് കൃത്യമായി കണക്ട് ചെയ്യാന്‍ കഴിയാതിരുന്നതോടെ അവസരം നഷ്ടപ്പെട്ടു. തുടര്‍ന്നും ചെന്നൈയിന് താരങ്ങളായിരുന്നു കൂടുതല്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തിയത്.
16-ാം മിനിറ്റില്‍ 35 വാര അകലെനിന്ന് അവര്‍ക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. മെന്‍ഡി എടുത്ത കിക്ക് ജെജെ നെഞ്ചില്‍ സ്വീകരിച്ച് ഷോട്ട് പായിച്ചെങ്കിലും പുറത്തേക്കു പറന്നു. 17-ാം മിനിറ്റില്‍ കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ മക്കലിസ്റ്റര്തൊടുത്ത കിക്ക് ചെന്നൈയിന് ഗോളി അഡ്വാന്‍സ് ചെയ്ത് കുത്തിയകറ്റി അപകടം ഒഴിവാക്കി. 20-ാം മിനിറ്റില്‍ കേരളത്തെ മറ്റൊരു തിരിച്ചടികൂടി തേടിയെത്തി. സൂപ്പര്‍താരവും ഗോളിയുമായ ഡേവിഡ് ജെയിംസ് കളിക്കളത്തില്‍ നിന്ന് പിന്‍വാങ്ങി.
പകരം വലകാക്കാനെത്തിയത് സന്ദീപ് നന്ദി. 24-ാം മിനിറ്റില്‍ ചെന്നൈയിന് വീണ്ടും ഒരു അവസരം കൂടി ലഭിച്ചെങ്കിലും പിഴച്ചു. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ ചെന്നൈയിന് ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്തേക്ക് നടത്തി. പക്ഷേ, സ്ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്മ അവര്‍ക്ക് വിലങ്ങുതടിയായി. വലതുവിംഗില്‍ നിന്ന് ഡെന്‍സണ്‍ ദേവദാസ് ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഉയര്‍ത്തിവിട്ട പന്ത് നന്ദി വിദഗ്ധമായി കുത്തിയകറ്റുമ്പോള്‍ ആദ്യ പകുതി ഗോള്‍രഹിതമായി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമായിരുന്നു ദൃശ്യമായത്. 46-ാം മിനിറ്റില്‍ പിയേഴ്സണും സബീത്തും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ഹ്യൂമിന് ഒരു ത്രൂ ബോള്‍ ലഭിച്ചു. എന്നാല്‍ ഹ്യൂമിന്റെ ഷോട്ട് ചെന്നൈയിന് എഫ്സിയുടെ ഫ്രഞ്ച് ഗോളി ഗന്നാരോ ബ്രാസിഗ്ലിയാനോയെ പരീക്ഷിക്കാന്‍ മെനക്കെടാതെ പുറത്തേക്ക് പാഞ്ഞു. ഹ്യൂമിനെ അനങ്ങാന്‍ വിടാതെ പിടിച്ചുകെട്ടുന്നതില്‍ ചെന്നൈയുടെ ധനചന്ദ്രസിംഗ് വിജയിച്ചതാണ് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങളുടെ കരുത്തുകുറച്ചത്.
62-ാം മിനിറ്റില്‍ മധ്യനിരതാരം അവിനാബോ ബാഗിനെ തിരിച്ചുവിളിച്ച് കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തിലെ ഹീറോ പെഡ്രോ ഗുസ്മാവോയെ ബ്ലാസ്റ്റേഴ്സ് കളംതൊടുവിച്ചു. രണ്ട് മിനിറ്റിനുശേഷം ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഇടതുപാര്‍ശ്വത്തില്‍ ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ ഹ്യൂമെടുത്ത കിക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഹെഡ്ഡ് ചെയ്യുന്നതിന് മുന്നേ ചെന്നൈയിന് ഗോളി തട്ടിയകറ്റി.
74-ാം മിനിറ്റില്‍ ചെന്നൈയിന് എഫ്സി ക്രിസ്റ്റിയന്‍ ഗൊണ്‍സാലസിനെ പിന്‍വലിച്ച് ബ്രസീലിയന്‍ സ്ട്രൈക്കര്‍ ബ്രൂണോ പെലിസാറിയെ ഇറക്കി. തൊട്ടുപിന്നാലെ ജെയിംസ് മക്കലിസ്റ്ററിനെ മടക്കി വിളിച്ച് ഇന്ത്യന്‍ താരം നിര്‍മ്മല്‍ ഛേത്രിക്ക് ബ്ലാസ്റ്റേഴ്സും അവസരം നല്കി.
82-ാം ബ്ലാസ്റ്റേഴ്സിന്റെ റാഫേല്‍ റോമി 30 വാര അകലെ നിന്ന് ഷോട്ട് ഉതിര്‍ത്തെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പറന്നു. മൂന്നു മിനിറ്റിനുശേഷം പിയേഴ്സന്റെ ഒരു ഷോട്ട് നേരെ ചെന്നൈയിന് ഗോളിയുടെ കയ്യിലേക്കുപോയി.
87-ാം മിനിറ്റില്‍ ചെന്നൈയിന് വെടിപൊട്ടിച്ചു. ബ്ലാസ്റ്റേഴ്സിന് അനുകൂലമായി കിട്ടിയ കോര്‍ണറിനുശേഷം നടന്ന പ്രത്യാക്രമണം ഗോളില്‍ കലാശിച്ചു. ഗുസ്മാവോ എടുത്ത കോര്‍ണര്‍ ചെന്നൈയിന് പ്രതിരോധം ക്ലിയര്‍ ചെയ്തത് സ്വന്തം പകുതിയില്‍ നിന്ന് പിടിച്ചെടുത്ത് പെലിസാറി കുതിച്ചുകയറുമ്പോള്‍ തടുക്കാന്‍ ബ്ലാസ്റ്റേഴ്സിന്റെ ആരും ഒപ്പമുണ്ടായിരുന്നില്ല. ബോക്സില്‍ പ്രവേശിച്ചശേഷം പെലിസാറി പായിച്ച ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി സന്ദീപ് നന്ദിയെ കീഴ്പ്പെടുത്തി വലതുളച്ചു.അവസാന മിനിറ്റുകളില്‍ ഗോള്‍ മടക്കാന്‍ ബ്ലാസ്റ്റേഴ്സ് പരമാവധി ശ്രമിച്ചെങ്കിലും ചെന്നൈയിന് പ്രതിരോധം വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: