ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട രണ്ടാംഘട്ട രോഗപ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ആദ്യം താറാവുകളെ സംസ്കരിച്ച സ്ഥലവും പാര്‍പ്പിച്ച പാടശേഖരമടക്കമുള്ള സ്ഥലങ്ങളും അണുവിമുക്തമാക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യ-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ആശ പ്രവര്‍ത്തകരും മൃഗസംരക്ഷണവകുപ്പിന്റെ മൂന്ന് ദ്രുതകര്‍മ സംഘാംഗങ്ങളും അടക്കം എട്ടുപേരടങ്ങുന്ന സംഘമാണ് പ്രവര്‍ത്തനം നടത്തുക.
തുടര്‍ച്ചയായി പത്തുദിവസം അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തും. അണുനാശിനികളും കക്കയും ഉപയോഗിച്ചാണ് അണുവിമുക്തമാക്കുന്നത്. ഇതിനാവശ്യമായ കക്ക എത്തിക്കാന്‍ കൃഷി വകുപ്പിന് നിര്‍ദേശം നല്കി. താറാവിനെ കുഴിച്ചുമൂടിയ സ്ഥലങ്ങളില്‍ കൂടുതല്‍ മണ്ണിറക്കാനും അണുവിമുക്തമാക്കാനുള്ള നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു.
തുടര്‍ന്ന് സംഘം രോഗബാധിത മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളിലെത്തി പക്ഷികളെ കൊല്ലും. ദ്രുതകര്‍മ സംഘം പക്ഷികളെ കൊന്ന് സംസ്ക്കരിക്കും. മറ്റു സംഘാംഗങ്ങള്‍ വീടിന്റെ പരിസരവും പക്ഷിക്കൂടുകളും അവയെ പാര്‍പ്പിച്ച സ്ഥലങ്ങളും അണുവിമുക്തമാക്കും. താറാവുകളെ കൊന്നു സംസ്ക്കരിക്കുന്നതില്‍ ആത്മാര്‍ഥമായി സഹകരിച്ച ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പിന്തുണ രണ്ടാംഘട്ടപ്രവര്ത്തനങ്ങളിലും വേണമെന്ന് കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: