എടത്വ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധതീര്‍ത്ഥടന കേന്ദ്രമായ ചക്കുളത്തുകാവില്‍ നിലവറദീപം തിങ്കളാഴ്ച തെളിയും. പൊങ്കാലയ്ക്ക് കേളി കൊട്ടായി കാര്‍ത്തിക സ്തംഭം ഉയര്‍ന്നു. മൂല കുടുംബത്തിലെ നിലവറയില്‍ കെടാതെ സൂക്ഷിച്ചിരിക്കുന്ന നിലവിളക്കില്‍ നിന്ന് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി പകര്‍ന്നെടുക്കുന്ന ദീപം കൊടിമരചുവട്ടില്‍ പ്രത്യേകം തയ്യാര്‍ ചെയ്തിരിക്കുന്ന വിളക്കിലേക്ക് കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ദീപം പകരുന്നതോട് ചടങ്ങുകള്‍ ആരംഭിക്കും.
നിലവറദീപം തെളിക്കുന്നതിനു മുന്നോടിയായി താലപ്പൊലിയുടെയും വായ്ക്കുരവയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തില്‍ ദീപം എത്തിക്കും. ഇതോടെ പൊങ്കാലക്കുളള കോളികൊട്ട് ഉയരും. നിലവറ ദീപം തെളിയുന്നതോടെ ഇനിയുള്ള അഞ്ചു നാള് വ്രതാനുഷ്ഠാനത്തിന്റെ ദിനങ്ങളാവുകയാണ്. തിന്മയുടെ മേല്‍ നന്മയുടെ പ്രകാശം ചൊരിയുന്ന ഐതിഹ്യപെരുമയുള്ള കാര്‍ത്തിക സ്തംഭം ഉയര്‍ന്നു. വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ദിവസം സ്തംഭം കത്തി അമരുമ്പോള്‍ ധര്‍മ്മത്തിന്റെയും നന്മയുടെയും സത്യത്തിന്റെയും വെളിച്ചം നെഞ്ചിലേറ്റി ലക്ഷോപലക്ഷം ഭക്തന്മാര് ചക്കുളത്തമ്മയെ വണങ്ങും. ഭൂത പ്രേത പിശാചുക്കളെ അകറ്റുന്നതിന്റെ ഭാഗമായി നൂറ്റാണ്ടുകള്‍ മുന്‍പ് ഇവിടെ പാര്‍ത്തിരുന്ന വേടകുടുംബം മരക്കൊമ്പില്‍ ഓലയും വാഴക്കച്ചിയും കെട്ടി തീ കൊളുത്തുന്നത് പതിവായിരുന്നു. ഈ വിശ്വാസമാണ് കാര്‍ത്തികസ്തംഭം കത്തിക്കലിന്റെ സങ്കല്‍പ്പം.
സ്തംഭം കത്തിക്കല്‍ ചടങ്ങ് ദര്‍ശിക്കാന്‍ വിവിധ ദേശങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തില്‍ എത്താറുണ്ട്. പൊങ്കാല ദിവസം നടക്കുന്ന വിശേഷാല്‍ ദീപാരാധനയോടെ ലക്ഷദീപം ക്ഷേത്രത്തില്‍ തെളിയും ഇതേത്തുടര്‍ന്നാണ് സ്തംഭം കത്തിക്കല്‍ ചടങ്ങ് നടക്കുന്നത്. യുഎന്‍ വിദഗ്ദ്ധ സമിതി ചെയര്മാന് ഡോ.സി.വി ആന്ദബോസ് സ്തംഭത്തില്‍ അഗ്നി പകരും. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരിയും കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: