കൊച്ചി: കാലിയായ ഗ്യാസ് സിലിണ്ടറുകളുടെ മറവില്‍ എല്‍പിജിയുടെ നിറ സിലിണ്ടറുകള്‍ റോഡരികില്‍ സൂക്ഷിക്കുന്നതിനെ കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വിശദീകരണം തേടി.
ഐഒസിക്ക് പുറമേ ഡപ്യൂട്ടി ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്സും ജില്ലാകളക്ടറും ഡിസംബര്‍ 31 നകം വിശദീകരണം സമര്‍പ്പിക്കണം. കേസ് ജനുവരി 13 ന് എറണാകുളത്ത് പരിഗണിക്കും.
പശ്ചിമകൊച്ചിയിലെ ജനസാന്ദ്രതയേറിയ പ്രദേശത്താണ് ഗ്യാസ് സിലിണ്ടറുകള്‍ രോഡരികില് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ സൂക്ഷിക്കുന്നത്. എല്‍.പി.ജി. ഗ്യാസ് സിലിണ്ടറുകള്‍ ഗോഡൗണിലല്ലാതെ മറ്റൊരിടത്തും സൂക്ഷിക്കാന്‍ നിയമമില്ല. ഇവിടെ നിയമങ്ങള്‍ പാടേ അവഗണിക്കുകയാണ് ചെയ്യുന്നത്. ഒരു തീപ്പൊരി വീണാല്‍ പോലും അപകടമുണ്ടാകുന്ന റോഡരികില്‍ സിലിണ്ടര്‍ സൂക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഗ്രേറ്റര്‍ കൊച്ചിന് ഡവലപ്പ്മെന്റ് വാച്ച് പ്രസിഡന്റ് സ്റ്റാന്‍ലി പൗലോസ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
പശ്ചിമകൊച്ചിയിലെ യുണൈറ്റഡ് ഗ്യാസ് ഏജന്‍സീസ്, ഐശ്വര്യഗ്യാസ് സര്‍വീസ് തുടങ്ങിയവരാണ് നിറകുറ്റികള് രോഡരികില് സൂക്ഷിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.പനയപ്പള്ളി, മട്ടാഞ്ചേരി, കൂവപ്പാടം, തോപ്പുംപടി, അമ്മന്‍കോവില്‍, കപ്പലണ്ടിമുക്ക്, ഞാലിപറമ്പ്, ചെമ്മീന്‍സ് ജംഗ്ഷന്, ഫോര്‍ട്ടുകൊച്ചി, കണ്ണമാലി റോഡ് എന്നിവിടങ്ങളിലാണ് റോഡരികില്‍ സിലിണ്ടറുകള്‍ അധികവും ഇറക്കിവയ്ക്കുന്നത്. സിലിണ്ടറുകള്‍ ഇറക്കിവയ്ക്കുന്നിടത്ത് സ്കൂളുകളുണ്ടെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: