കോഴിക്കോട്: വിജിലന്‍സ് കേസില്‍നിന്നും ടി.ഒ.സൂരജിനെ രക്ഷിക്കാന്‍ ഇടപെട്ടത് വിജിലന്‍സ് എഡിജിപി ഡെസ്മണ്ട് നെറ്റോ. കോഴിക്കോട് കലക്ടറായിരിക്കെ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ ലോകബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സഹായത്തോടെ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ വന്‍ക്രമക്കേട് കണ്ടെത്തിയ വിജിലന്‍സ് കേസിലാണ് ടി.ഒ സൂരജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഉത്തരമേഖലാ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത വി.സി. 3/7 എന്‍. ആര്.കെ. എന്ന കേസിലാണ് എഡിജിപി ഡെസ്മെണ്ട് നെറ്റോ സൂരജിനെ രക്ഷിക്കാനെത്തിയത്. പദ്ധതിയടങ്കലായ 6 കോടി രൂപയില്‍ 67 ലക്ഷം രൂപയുടെ കണക്കുകള്‍ മാത്രം പരിശോധിച്ചപ്പോഴാണ് 37 ലക്ഷത്തിന്റെ ക്രമക്കേട് വിജിലന്‍സ് സംഘം കണ്ടെത്തിയത്.പ്രോജക്ട് ഓഫീസര്‍ ഡോ.എം.വിജയന്, ജില്ലാ കലക്ടര്‍ ടി.ഒ.സൂരജ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
എന്നാല്‍ സൂരജിനെതിരെ കുറ്റപത്രം നല്‍കിയത് ശരിയല്ലെന്നും ഇതിനെതിരെ രേഖാമൂലമുള്ള നിരുപാധിക മാപ്പപേക്ഷ ഉടനെ നല്‍കണമെന്നും കാണിച്ച് എഡിജിപി ഡെസ്മണ്ട് നെറ്റോ അന്നത്തെ വിജിലന്‍സ് എസ്പി:ടി.ശ്രീജയന്‍, ഡിവൈഎസ്പി സുനില്‍ബാബു കേളോത്തുംകണ്ടി എന്നിവര്‍ക്ക് കത്തയച്ചു. 2011 മെയ് 9നാണ് അടിയന്തര നടപടി എന്നനിലയില്‍ എഡിജിപി ഇങ്ങനെ ആവശ്യപ്പെട്ടത്. ഇപ്രകാരം ചെയ്തില്ലെങ്കില്‍ ഇവര്‍ക്കെതിരെ നടപടി എടുക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ നല്കിയ വിശദീകരണം തൃപ്തികരമല്ലെന്നും സൂരജിനെതിരായ കേസ് ഒഴിവാക്കാന്‍ പുനര്വിശദീകരണവും നിയമോപദേശവും രണ്ടാഴ്ചക്കകം നല്‍കണമെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ഇതിനെതുടര്‍ന്നാണ് ബദല്‍ നിയമോപദേശം നല്കിയതും കേസ് പിന്‍വലിച്ചതും. കേസ് എടുക്കണമെന്ന് വിജിലന്‍സിന് നിയമോപദേശം നല്കിയ വ്യക്തിയെക്കൊണ്ടുതന്നെയാണ് പിന്നീട് കേസ് ഒഴിവാക്കണമെന്ന നിയമോപദേശം തയാറാക്കിയതും.
മാര്‍ക്കറ്റ് വിലയേക്കാള്‍ പതിന്മടങ്ങ് കൂടുതല്‍ നല്‍കിയാണ് പദ്ധതിയിലേക്ക്് ഉപകരണങ്ങള്‍ വാങ്ങിയത്. 3,90,000 രൂപ മാര്‍ക്കറ്റില്‍ വിലയുള്ള പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് സ്കാനിംഗ് യന്ത്രത്തിന് നല്‍കിയത് 9,98,750 രൂപയായിരുന്നു. ഹൈഡ്രോളിക് ഓപ്പറേഷന് ടേബിള്‍, കോള്പ്പോസ്കോപ്പ് തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങിയതിലും വന്‍ തുകയുടെ വ്യത്യാസമാണ് കണ്ടെത്തിയത്.
സിഡ്കോയെ ഇടനിലക്കാരാക്കിയാണ് ഉപകരണങ്ങള്‍ വാങ്ങിയത്. യഥാര്‍ത്ഥ വിലയേക്കാള്‍ പതിന്മടങ്ങ് വിലയ്ക്കാണ് സിഡ്കോ ഓറിയന്റല്‍ സര്‍ജിക്കല്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങിയത്. കമ്പനിയില്‍നിന്ന് വാങ്ങിയ വിലയേക്കാള്‍ അമിതവില വസൂലാക്കിയാണ് സ്വകാര്യകമ്പനി സിഡ്കോയ്ക്ക് ഉപകരണങ്ങള്‍ കൈമാറിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
യഥാര്‍ത്ഥ ബില്ലുകളും സര്‍ക്കാരിനു സമര്‍പ്പിച്ച ബില്ലുകളും തമ്മിലുള്ള വ്യത്യാസം പതിന്മടങ്ങായിരുന്നു. ക്വട്ടേഷന്‍ ക്ഷണിച്ചതിലും ടെണ്ടര്‍ നിശ്ചയിച്ചതിലുമെല്ലാം നിരവധി ചട്ടലംഘനങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. ഈ സാമ്പത്തികക്രമക്കേടിലാണ് സൂരജിനെ രക്ഷിക്കാന്‍ എഡിജിപി ഡെസ്മണ്ട് നെറ്റോ രംഗത്തെത്തിയത്.
സൂരജിന് മംഗലാപുരത്ത്
മകന്റെ പേരില്‍ ഫഌറ്റ്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് മംഗലാപുരത്ത് മകന്റെ പേരില്‍ ഫഌറ്റ് വാങ്ങിയതായും വിജിലന്‍സ് കണ്ടെത്തി. നേരത്തെ ചോദ്യം ചെയ്യലില്‍ സൂരജ് ഈ വിവരം മറച്ചുവച്ചിരുന്നു. മകന് പഠിക്കുന്നത് കൂട്ടുകാരന്റെ വീട്ടില്‍ നിന്നാണെന്നും മംഗലാപുരത്ത് സ്വന്തമായി വീടില്ലെന്നുമാണ് സൂരജ് പറഞ്ഞിരുന്നത്.
45 ലക്ഷം രൂപ വിലവരുന്ന ഫഌറ്റാണിതെന്നാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്.കൂടാതെ കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് ചെയര്‍മാനായിരിക്കെ സൂരജ് നല്കിയ കരാറുകളേപ്പറ്റിയും അന്വേഷണം നടക്കുകയാണ്. 1989 മുതലുള്ള പ്രമോഷന് നടപടികള്‍ വരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും സൂരജിനെതിരെ 1989 മുതലുള്ള വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തേടണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി കെ.വി. മുരളീധരനാണു ഹര്‍ജി നല്‍കിയത്.
നേരിട്ടുള്ള റിക്രൂട്ട്മെന്റിലൂടെ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ കയറിയതാണു സൂരജും ഹര്‍ജിക്കാരനും. വിജിലന്‍സ് കേസുകളും വകുപ്പുതല അന്വേഷണവും നിലനില്‍ക്കേയാണു സൂരജിനു പ്രമോഷന് വഴി ഐഎഎസ് നല്‍കിയതെന്നും സൂരജിന്റെ ഇടപെടലിനെ തുടര്‍ന്ന് തന്നെ കള്ളക്കേസില്‍ കുടുക്കി പ്രമോഷന് തടയുകയായിരുന്നുവെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. ലാന്‍ഡ് റവന്യു കമ്മീഷണര്‍ ആയിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗിച്ച്, വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചു. ഹവാല പണമിടപാടുകള്‍ പോലുമുള്ളതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ 21ന് സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൂരജിനെ സസ്പെന്റ് ചെയ്തിരുന്നത്. വിജിലന്‍സ് അന്വേഷണം നീട്ടിക്കൊണ്ടുപോകാനാണ് ആഭ്യന്തര വകുപ്പിന്റെ ഉദ്ദേശൃമെങ്കില് അതിനെതിരെ ഏതു രീതിയില്‍ പ്രതികരിക്കണമെന്ന് തനിക്കറിയാമെന്നു സൂരജ് മുന്നറിയിപ്പു നല്‍കിയിരുന്നു.
വിജിലന്‍സ് സംഘം നേരത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും മംഗലാപുരത്ത് വീടുള്ള കാര്യം പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു. വിജിലന്‍സിന്റെ അന്വേഷണം കൂടുതല്‍ ആഴത്തിലേക്കു പോകുമ്പോള്‍ സൂരജിന്റെ സ്വത്തു സമ്പാദനം മാത്രമല്ല, മാറാട് കൂട്ടക്കൊലക്കേസുമായുള്ള ബന്ധവും വിദേശ ഫണ്ടുകള്‍ എത്തിയതിന്റെ കണക്കുകളും പുറത്തു വരും.
നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലും സൂരജ് വിഷയം വന്‍ വിവാദങ്ങളുണ്ടാക്കും. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലായിരിക്കില്ല പ്രധാന യുദ്ധം. ഭരണപക്ഷത്തെ ഘടകക്ഷികള്‍ തമ്മിലായിരിക്കും. ഗണേശ്കുമാര്‍ എംഎല്‍എയ്ക്കും ചിലരുടെ പേരുകള്‍ പറയാനുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അത്, നിയമസഭയില്‍ പറയുമെന്നാണ് പറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: