ചെങ്ങന്നൂര്‍: ദളിത് ശോഷണ്‍ മുക്തി മഞ്ച് രൂപീകരണത്തോടെ സിപിഎമ്മിന്റെ ജാതി ഭ്രാന്ത് പുറത്തായതായി ആള് കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ. ഗോപി, വര്‍ക്കിങ് പ്രസിഡന്റ് ടി.പി. രാജന് എന്നിവര്‍ അറിയിച്ചു. സിപിഎമ്മിന്റെ അധഃസ്ഥിത ജനവിഭാഗത്തോടുള്ള നയം എന്തെന്ന് വ്യക്തമായിരിക്കുകയാണ്. കമ്മ്യൂണിസത്തില്‍ കമ്മ്യൂണല്‍ ഇസം ആണ് നടപ്പാക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി കഴിഞ്ഞു.
പട്ടികജാതി വിഭാഗത്തില്‍ നിന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തന നേതൃത്വത്തില്‍ കടന്നുകയറാതിരിക്കുവാനുള്ള അഴുക്ക് ചാലാണ് ദളിത് ശോഷണ്‍ മുക്തി മഞ്ച.് ഇത് പട്ടികജാതി പാര്‍ട്ടിപ്രവര്‍ത്തകര്‍ തിരിച്ചറിയുന്നകാലം വിദൂരമല്ല. ഇത്തരം നടപടികള്‍ അയ്യങ്കാളിയുടെയും, ഡോ.ബി.ആര്. അംബേദ്ക്കറുടെയും ദേശീയമൂല്യങ്ങള്‍ക്ക് പോറല്‍ ഏല്‍പ്പിക്കും. പച്ചിലകാട്ടി ആട്ടിന്‍കൂട്ടങ്ങളെ അറവുശാലയിലേക്ക് കൊണ്ടുപോകുന്ന നയസമീപനം പാര്‍ട്ടി പുനര്‍ ചിന്തിക്കണം. പാര്‍ട്ടി നേതൃത്വത്തിലേക്ക് കടന്നു കയറാതിരിക്കുവാനുളള കെണിയാണിതെന്ന് കമ്മ്യൂണിസ്റ്റ് ആശയമുള്ള പട്ടികജാതിക്കാര്‍ ചിന്തിക്കുന്നത് ഉചിതമായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: