ആലപ്പുഴ: ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റി തീരുമാനപ്രകാരം ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലും ഡിസംബര്‍ ആറിന് ലോക് അദാലത്ത് നടത്തും. കോടതികളില്‍ നിലവിലുള്ള കേസുകളില്‍ ഒത്തുതീര്‍പ്പിന് സാദ്ധ്യതയുള്ള കേസുകള്‍ കണ്ടെത്തി ലോക് അദാലത്തിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ 644 കേസുകളാണ് പരിഗണിച്ചുവരുന്നത്. കോടതികളില്‍ നിലവിലുള്ള കേസുകളെ സംബന്ധിച്ച് മാത്രമല്ല സര്‍ക്കാരിന്റെയും മുനിസിപ്പല്‍ അതോറ്റി, റവന്യു അതോറിറ്റി, നിയമപരമായ മറ്റ് അധികാര സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, ട്രിബ്യൂണലുകള്‍ മുതലാവയുടെയും വിവിധ ഉദ്യോഗസ്ഥര്‍ മുമ്പാകെ തീര്‍പ്പാക്കാതെയുള്ള തര്‍ക്കങ്ങളും അദാലത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ജില്ലാ ജഡ്ജി മേരി ജോസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
റവന്യു മേഖലയിലുള്ള തര്‍ക്ക വിഷയങ്ങളായ പോക്കുവരവ്, ഭൂനികുതി, കെട്ടിടനികുതി, വസ്തുനികുതി തുടങ്ങിയവ, വാണിജ്യനികുതി സംബന്ധമായ വിഷയങ്ങള്‍, ബാങ്കിങ്, ഇന്‍ഷ്വറന്‍സ് മേഖലയിലെ വിഷയങ്ങള്‍, വൈദ്യുതി, ജലം, സര്‍വീസ് കാര്യങ്ങള്‍, ട്രാഫിക്, എക്സൈസ്, ടെലിഫോണ്‍, പെറ്റി ക്രിമിനല്‍ കേസുകള്‍, മൈനിങ് തര്‍ക്കങ്ങള്‍ എന്നിവയെല്ലാം തന്നെ അദാലത്തില്‍ പരിഗണിക്കും. സര്‍വേയും അതിര്‍ത്തിയും സംബന്ധിച്ച തര്‍ക്കങ്ങള്‍, ക്രിമിനല്‍ പീനല്‍ കേസ് 133, 144 വകുപ്പുകള്‍ പ്രകാരമുള്ള നടപടികള്‍, ലാന്‍ഡ് അക്വിസിഷന്‍ ആക്ടിന്റെ 28എ വകുപ്പ് പ്രകാരമുള്ള അപേക്ഷകള്‍, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍, ആര്ബിട്രേഷന് കോടതികള്‍ എന്നിവ മുമ്പാകെയുള്ള നടപടികള്‍, കോപ്പറേറ്റീവ് ബാങ്ക്, കോപ്പറേറ്റീവ് സൊസൈറ്റി, കെഎസ്എഫ്ഇ എന്നിവ മുമ്പാകെയുള്ള റിക്കവറി നടപടികള്‍, വ്യാവസായിക തര്‍ക്കങ്ങള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, കുടിയേറ്റ തൊഴിലാളികളെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍, റേഷന്‍ കാര്‍ഡ്, മണ്ണെണ്ണ പെര്‍മിറ്റ്, എല്‍പിജി വിതരണം, ഉപഭോക്തൃ തര്‍ക്കങ്ങള്‍, പൊതുവില്‍പ്പന നികുതി, വാണിജ്യവില്‍പ്പന നികുതി, മൂല്യവര്‍ദ്ധിത നികുതി എന്നീ നികുതി കാര്യങ്ങള്‍ തുടങ്ങിയ എല്ലാ വിഷയങ്ങളും അദാലത്തില്‍ ഉള്പ്പെടാത്താവുന്നതാണ്.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വിവിധ വകുപ്പുകള്‍ ലോക് അദാലത്ത് മുമ്പാകെ ഫയലുകള്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. തിരിച്ചടവ് മുടങ്ങിയ വായ്പകള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ബാങ്കുകളും ഫയല്‍ ചെയ്തിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളില്‍ നിലവിലുള്ള പല കോംപൗണ്ടബിള്‍ കേസുകളും ലോക് അദാലത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളുടെ സഹായം മെഗാ ലോക് അദാലത്തിന് ഉണ്ടാകണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എ. ഷാജഹാനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: