കോട്ടയം: ചെസ് താരമാകാനാണ് നിഹാല്‍ സരിന് ജനിച്ചതെന്ന് വീണ്ടും തെളിയിക്കുന്നതായിരുന്നു ഇന്നലെ സിഎംഎസ് കോളേജില്‍ നടന്ന പ്രദര്‍ശന മത്സരം. നാഷണല്‍ പ്രീമിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായുള്ള പ്രദര്‍ശന മത്സരത്തില്‍ ഒരേ സമയം 30 എതിരാളികളുമായി ഏറ്റുമുട്ടി നിഹാല്‍ വിസ്മയം തീര്‍ത്തു. സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളായിരുന്നു മത്സരവേദി.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഈ കൊച്ചുമിടുക്കന് വളരെ സന്തോഷത്തോടെയാണ് എതിരാളികളുടെ മുന്നിലെത്തിയത്. ആദ്യം 77 കാരനായ പി.സി. കുര്യാക്കോസിനെതിരെ കാലാള്‍ നീക്കി നിഹാല്‍ കളി ആരംഭിച്ചത്. കുസൃതിത്തരങ്ങള്‍ മാറ്റിവച്ച ആ പത്തു വയസുകാരന് കളിയില്‍ മാത്രം ശ്രദ്ധിച്ചു. പിന്നീടുള്ള മൂന്നര മണിക്കൂര്‍ സമീപത്ത് എന്ത് നടക്കുന്നെന്നറിയാതെ നിഹാലും എതിരാളികളും കരുക്കളുടെ ലോകത്ത് ചുറ്റിയലഞ്ഞു. പ്രതിയോഗി നീക്കങ്ങള്‍ വൈകിക്കുമ്പോള്‍ കളി കാണാന്‍ എത്തിയവരെ നിഹാല്‍ കൗതുകത്തോടെയൊന്നു നോക്കും. പിന്നീട് വീണ്ടും ചെസിന്റെ ലോകത്തേക്ക് മടങ്ങും.
കളിയാരംഭിച്ച് ഒരു മണിക്കൂറിന് പിന്നിട്ടപ്പോള്‍ അമിത് ബേബി നിഹാലിനെ നമിച്ചു. പിന്നെയും നിഹാലിലെ കൊച്ചു ചാമ്പ്യന്‍ വിശ്രമമില്ലാതെ പ്രതിയോഗികളോടു മസ്തിഷ്കയുദ്ധം തുടര്‍ന്നു. 29 പേരെ ഒന്നരമണിക്കൂര്‍കൊണ്ട് നിഹാല്‍ കീഴടക്കി. എന്നാല്‍ മൂന്നു മണിക്കൂറിന് ശേഷം പി.സി. കുര്യാക്കോസിനോട് സമനില വഴങ്ങേണ്ടിവന്നു. വല്യുപ്പയായ എ.എ ഉമ്മറാണ് അഞ്ചാം വയസില്‍ നിഹാലിനെ കരുക്കളത്തിലേക്ക് കൈപിടിച്ചുനടത്തിയത്.
തുടക്കത്തില്‍ കളിയില്‍ തോല്‍ക്കുമ്പോള്‍ ബഹളമുണ്ടാക്കുമെങ്കിലും പിന്നീട് വളരെ ശ്രദ്ധയോടെ കളിച്ച് വിജയങ്ങള്‍ കൈവരിച്ചു. രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ ഏഴ് വിഭാഗത്തില്‍ കിരീടം നേടി. പിന്നെ ദേശീയതലത്തില്‍ നിഹാല്‍ 12-ാം സ്ഥാനം കൈയടക്കി. പിന്നീടങ്ങോട്ട് നിഹാലിന്റെ ജയക്കുതിപ്പായിരുന്നു.
ഏഷ്യന്‍ അണ്ടര്‍ 10 വിഭാഗം ബ്ലീറ്റ്സ്, റാപ്പിഡ് ചാമ്പ്യന്‍, ദേശീയ അണ്ടര്‍ ഒന്‍പത് വിഭാഗം ചാമ്പ്യന്‍, ലോക അണ്ടര്‍ 10 വിഭാഗം ബ്ലീറ്റ്സ് ചാമ്പ്യന്‍, 11 വിഭാഗങ്ങളില്‍ സംസ്ഥാന ചാമ്പ്യന്‍ ഇങ്ങനെ നീണ്ടു നിഹാലിന്റെ നേട്ടങ്ങള്‍. അവസാനമായി ഡര്‍ബനില്‍ നടന്ന ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 10 വിഭാഗത്തില്‍ കിരീടവും നേടി. മുന്‍ സംസ്ഥാന ചാമ്പ്യനായ ഇ.പി.നിര്‍മ്മലാണ് നിഹാലിന്റെ ഇപ്പോഴത്തെ കോച്ച്. വളരെ കുറഞ്ഞസമയം മാത്രമാണ് നിഹാല്‍ ചെസ് പരിശീലിക്കാന്‍ കണ്ടെത്തുന്നത്. ഡോ. എ. സരിന്റെയും സൈക്യാട്രിസ്റ്റ് ഡോ. ഷിജിന് എ. ഉമ്മറിന്റെയും മകനായ നിഹാല്‍ തൃശ്ശൂര്‍ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: