കൊച്ചി: കൊമ്പന്മാര്ക്ക് ഇന്ന് ജയിക്കണം, ഒപ്പം ചെന്നൈയിന് എഫ്സിക്കും. കഴിഞ്ഞ മത്സരത്തില്‍ ഇരുടീമുകളും പരാജയപ്പെട്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് എവേ മത്സരത്തില്‍ ഗോവ എഫ്സിയോട് 3-0നും ചെന്നൈയിന് എഫ്സി ഇതേ മാര്‍ജിനില്‍ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡിനോടുമാണ് പരാജയപ്പെട്ടത്.
കഴിഞ്ഞ മത്സരത്തില്‍ ഇരുടീമുകളും പരാജയപ്പെട്ടെങ്കിലും പട്ടികയില്‍ സ്ഥാനചലനമൊന്നും സംഭവിച്ചിട്ടില്ല. 11 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി ചെന്നൈയിന് ഒന്നാം സ്ഥാനത്തും 15 പോയിന്റുമായി കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തും തുടരുകയാണ്. രാത്രി 7നാണ് കിക്കോഫ്.
ടീമിലെ ആര്‍ക്കും പരിക്കിന്റെ പ്രശ്നമില്ലെന്നും എല്ലാവരും ഇന്നത്തെ മത്സരത്തിനായി പൂര്‍ണ സജ്ജരാണെന്നും ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരവും മാനേജരുമായ ഡേവിഡ് ജെയിംസ് പറഞ്ഞു. അതേസമയം ചെന്നൈയിന് എഫ്സി നിരയില്‍ എലാനോയുടെ അസാന്നിധ്യമാണ് ശ്രദ്ധേയം. എട്ട് ഗോളുകളുമായി ടോപ് സ്കോററായി തുടരുന്ന ബ്രസീലിയന്‍ ഗോളടിയന്ത്രണം എലാനോ ഇന്നും കളിക്കാനിറങ്ങില്ലെന്ന് പ്രതിരോധനിരയിലെ കരുത്തനും ടീമിന്റെ കോച്ചുമായ ഇറ്റാലിയന്‍ ലോകകപ്പ് താരം മാര്‍ക്കോ മറ്റരാസി പത്രസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍ ബോജാന്‍ ഡോര്ഡിക്കും ഗൗര്‍മാംഗി സിംഗും ഇന്ന് കളിച്ചേക്കുമെന്നും മറ്റരാസി സൂചിപ്പിച്ചു. ചെന്നൈയിന് എഫ്സിയും അത്ലറ്റികോ ഡി കൊല്‍ക്കത്തയും കേരള ബ്ലാസ്റ്റേഴ്സും ഗോവ എഫ്സിയുമായിരിക്കും സെമിഫൈലനില് കളിക്കുകയെന്നും ഒരു ചോദ്യത്തിനുത്തരമായി മറ്റരാസി പറഞ്ഞു.
കഴിഞ്ഞ കളിയിലേറ്റ പരാജയത്തില്‍ നിന്ന് വിജയപാതയിലേക്ക് തിരിച്ചെത്തുകയാണ് ഇരുടീമുകളുടെയും ലക്ഷ്യം. ഗോവക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് തുടക്കം തന്നെ പാളുകയായിരുന്നു. മുന്‍ മത്സരങ്ങളില്‍ 4-3-3 ശൈലിയില്‍ കളിക്കാനിറങ്ങിയ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് കൂടുതല്‍ കരുത്തുപകരാനായി 4-4-2 ശൈലിയാണ് സ്വീകരിച്ചത്. ഇതോടെ കഴിഞ്ഞ മത്സരങ്ങളിലെല്ലാം കനത്ത ആക്രമണവുമായി കളംനിറഞ്ഞ മുന്നേറ്റനിര ഗോവക്കെതിരെ ദുര്‍ബലമാവുകയും ചെയ്തു.
മാത്രമല്ല സന്തോഷ് ജിംഗാനും ഹെംഗ്ബര്‍ട്ടും ഉള്‍പ്പെട്ട പ്രതിരോധവും അവസരത്തിനൊത്തുയര്‍ന്നില്ല. ഇതില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് 4-3-3 ശൈലിയില്‍ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. മുന്നേറ്റനിരയില്‍ പെഡ്രോ ഗുസ്മാവോ, ഇയാന്‍ ഹ്യും, സബീത്ത്/മിലാഗ്രസ് ഗൊണ്‍സാല്‍വസ് എന്നിവരായിരിക്കും ഇടംപിടിക്കുക. പ്രതിരോധത്തില്‍ സന്ദേശ് ജിംഗാനൊപ്പം കോളിന് ഫാല്‍വെ, റാഫേല്‍ റോമി, നിര്‍മ്മല്‍ ഛേത്രി, ഹെംഗ്ബാര്‍ട്ട്, സൗമിക് ഡേ, ഗുര്‍വിന്ദര്‍ സിംഗ് തുടങ്ങിയവര്‍ അദ്ധ്വാനിച്ച് കളിക്കുന്നവരാണ്.
വിംഗുകളില്‍ക്കൂടി അതിവേഗ പ്രത്യാക്രമണത്തിലും സന്ദേശ് ജിംഗാന് മികവു കാണിക്കുന്നുണ്ട്.
മധ്യനിരയെക്കുറിച്ചും ബ്ലാസ്റ്റേഴ്സിന് ഭയക്കാനില്ല. മധ്യനിരയില്‍ പ്ലേ മേക്കര്‍ സ്റ്റീഫന്‍ പിയേഴ്സണ്‍ സൂപ്പര്‍ ഫോമിലാണ്. മാത്രമല്ല പിന്നോട്ടിറങ്ങി പന്ത് പിടിച്ചെടുത്ത് അതിവേഗത്തില്‍ എതിര് ബോക്സിലേക്ക് കുതിക്കുന്നതിലും അപാരമായ മികവാണ് പിയേഴ്സണ്‍ പുലര്‍ത്തുന്നത്. പിയേഴ്സണൊപ്പം ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിയും കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ മൈക്കല്‍ ചോപ്രയും അവസരത്തിനൊത്തുയര്‍ന്നാല്‍ ബ്ലാസ്റ്റേഴ്സിന് വിജയം അകലെയാകില്ല.
അതേസമയം ചെന്നൈയിന് എഫ്സിയെ വിലകുറച്ചുകാണാന്‍ കഴിയില്ല. കളിക്കാരനായും കോച്ചായും വിലസുന്ന മാര്‍ക്കോ മറ്റരാസി ഉള്‍പ്പെടുന്ന പ്രതിരോധത്തെ മറികടന്നുവേണം ബ്ലാസ്റ്റേഴ്സിന് എതിര് വല കുലുക്കാന്‍. ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റിനോട് 2-2ന് സമനില പാലിച്ച അവര്‍ക്ക് തീര്‍ത്തും അപ്രതീക്ഷിത തിരിച്ചടിയായിരുന്നു കഴിഞ്ഞ ദിവസം നടന്ന എവേ പോരാട്ടം. 4-3-3 ശൈലിയില്‍ ഇറങ്ങുന്ന അവര്‍ ഇന്നും ഇതേ രീതിയിലായിരിക്കും ടീമിനെ വിന്യസിക്കുക.
എന്നാല്‍ എലാനോയുടെ അഭാവത്തില്‍ കരുത്തുറ്റ ബ്ലാസ്റ്റേഴ്സ് പ്രതിരോധം തകര്‍ക്കുക എന്നതാണ് അവരുടെ ഏറ്റവും വലിയ വെല്ലുവിളി. മലയാളി താരങ്ങളായ ഡെന്‍സണ്‍ ദേവദാസും പി. പ്രദീപും ബോജാന്‍ ഡോര്ഡിക്കും ബ്രസീലിയന്‍ താരം ബ്രൂണോ പെലിസാരിയും ഉള്‍പ്പെടുന്ന മധ്യനിര മികച്ച പന്തടക്കമാണ് കാഴ്ചവെക്കുന്നത്. എലാനോയുടെ അഭാവത്തില്‍ സ്ട്രൈക്കര്‍മാരായ ബല്‍വന്ത് സിംഗും ജീന്‍ മൗറിസും ജെജെയും അവസരത്തിനൊത്തുയരാത്തതാണ് മാര്‍ക്കോ മറ്റരാസിയെ കുഴക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: