ന്യൂദല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ തകര്‍പ്പന്‍ ജയത്തോടെ ദല്‍ഹി ഡൈനാമോസ് നോക്കൗട്ട് പ്രതീക്ഷകാത്തു. ഒന്നിന് നാലുഗോളുകള്‍ പകരം നല്കി മുംബൈ സിറ്റി എഫ്സിയെയാണ് ഡൈനാമോസ് നിഷ്പ്രഭമാക്കിയത്. ഇതോടെ 13 പോയിന്റുമായി ഡൈനാമോസ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. മുംബൈ (12 പോയിന്റ്) അവസാനത്തെയാള്‍.
സ്വന്തം തട്ടകത്തില്‍ ഡൈനാമോസ് അരങ്ങുതകര്‍ത്തു. ഹാന്‍സ് മുള്‍ഡറും (44-ാം മിനിറ്റ്), മാറ്റ്സ് ജങ്കറും (50) ഗുസ്താവോ മാര്മെന്റിനിയും (60), മനീഷ് ഭാര്‍ഗവും (90) മുംബൈയുടെ വലയില്‍ പന്തെത്തിച്ചു. അഭിഷേക് യാദവ് മുംബൈ ടീമിന് ആശ്വാസം നല്കി. ജങ്കറും മുള്‍ഡറും മാര്മെന്റിനിയുമൊക്കെ മിന്നിക്കളിച്ചെങ്കിലും ആദ്യ അരമണിക്കൂറില്‍ ഡൈനാമോസിന് അക്കൗണ്ട് തുറക്കാനായില്ല.
മുംബൈ ഗോളി സുബ്രത പോളിന്റെയും പ്രതിരോധഭടന് ദീപക് മണ്ഡലിന്റെയും അത്യധ്വാനങ്ങള്‍ ഡൈനാമോസിന്റെ ഗോള്‍ ദാഹത്തെ തടഞ്ഞുനിര്‍ത്തി. എന്നാല്‍ 44-ാം മിനിറ്റില്‍ അവര്‍ എല്ലാ പ്രതിബന്ധങ്ങളെയും വകഞ്ഞുമാറി. മുംബൈയുടെ പ്രതിരോധപ്പിഴവിനൊടുവില് മുള്‍ഡറുടെ വോളി വലയില്‍ (1-0). രണ്ടാംപകുതിയില്‍ ദല്‍ഹി വര്‍ധിതവീര്യത്തോടെ പന്തുതട്ടി.
മാര്‍മെന്റിനി നല്കിയ ഉഗ്രന്‍ പാസ് പിടിച്ച ജങ്കര്‍ മണ്ഡലിനെയും സുബ്രത പോളിനെയും വകഞ്ഞുമാറി ലക്ഷ്യം കണ്ടു (2-0). തുടര്‍ന്ന് മാര്‍മെന്റിനി ഗോള്‍ ഷീറ്റിലെത്തി. ഫ്രാന്‍സിസ് നല്കിയ മനോഹരമൊരു ക്രോസിന് മാര്‍മെന്റിനി ഹെഡ്ഡറാല് പരിപൂര്ണതയേകി (3-0).
ഒടുവില്‍ 86-ാം മിനിറ്റില്‍ അഭിഷേകിന്റെ ഫസ്റ്റ് ടൈമര്‍ ഡൈനാമോസിന്റെ ഗോള്‍വര താണ്ടി(3-1). ഇഞ്ചുറി ടൈമില്‍ മനീഷ് ഡൈനാമോസിനുവേണ്ടി വെടിപൊട്ടിച്ചനേരം ഫൈനല്‍ വിസില്‍ (4-1).
പ്രതികരിക്കാൻ ഇവിടെ എഴുതുക: