ആലപ്പുഴ: അമ്പലപ്പുഴ വടക്ക്, തലവടി, ചെമ്പുംപുറം, ഭഗവതിപ്പാടം, പുറക്കാട് പഞ്ചായത്ത് പ്രദേശങ്ങളില്‍ പക്ഷിപ്പനി രോഗബാധയെ അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ ജീവനുള്ള താറാവുകളെയും കത്തിച്ചത് പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാവിലെ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് ചത്ത താറാവുകളെയും ജീവനുള്ള താറാവുകളെ കൊന്നും തീയിട്ടത്. വ്യാഴാഴ്ച പത്ത് സ്ക്വാഡാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച 45 സ്ക്വാഡുകള്‍ രംഗത്തുണ്ടാകും. പക്ഷിപ്പനി പടരുന്നതു തടയുന്നതിന്റെ ഭാഗമായി ദ്രുതകര്‍മ സംഘം ജില്ലയില്‍ അഞ്ചിടങ്ങളിലായി വ്യാഴാഴ്ച 10,586 താറാവുകളെ കൊന്നു. കളക്ടര്‍ എന്‍. പത്മകുമാര്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
പുറക്കാട് ഇല്ലിച്ചിറയില്‍ 1597 താറാവുകളെയും നെടുമുടിയില്‍ 3058 എണ്ണത്തെയും നെഹ്റുട്രോഫി വാര്‍ഡിലെ ഭഗവതി പാടശേഖരത്ത് 2356 എണ്ണത്തിനെയും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കൊപ്പാറക്കടവിനു സമീപം 1475 എണ്ണത്തിനെയും തലവടിയില്‍ 2100 താറാവുകളെയും കൊന്നു. 150 കിലോ താറാവു തീറ്റയും 350 മുട്ടയും നശിപ്പിച്ചു. രോഗബാധയുള്ള താറാവുകളുള്ള പുറക്കാട് ഇല്ലിച്ചിറയിലെയും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കൊപ്പാറക്കടവിനു സമീപത്തെയും നെടുമുടി മൂന്നാംവാര്‍ഡിലേയും തലവടിയിലെ ഒമ്പതാം വാര്‍ഡിലെയും പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്കി.
അമ്പലപ്പുഴ വടക്ക് കഞ്ഞിപ്പാടം മുപ്പതില്‍ച്ചിറ വീട്ടില്‍ ചന്ദ്രബോസിന്റെ ഉടമസ്ഥതയിലുള്ള 6000 താറാവുകളില്‍ 1,442 താറാവുകളെയാണ് ഇന്നലെ കൊന്നു തീയിട്ടത്. ബാക്കിയുള്ളവയെ വെള്ളിയാഴ്ച കൊല്ലും. വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ മൃഗസംരക്ഷണ വകുപ്പിന്റെ 11 അംഗ സംഘം ശരീരം മുഴുവനുമായി മൂടുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് നാട്ടുകാരുടെ സഹായത്താല്‍ താറാവുകളെ കൊന്നു തീയിട്ടത്. വൈകിട്ട് നാലോടെ നിര്‍ത്തിവെച്ചു.
കൊപ്പാറക്കടവിലെ കാക്കാഴം പാടശേഖരത്തിന്റെ ചിറയില്‍ നാലോളം ചിതകളൊരുക്കിയാണ് താറാവുകളെ കത്തിച്ചത്. അടുക്കിയ വിറകിന് മുകളില്‍ ചത്തതും കൊന്നതുമായ താറാവുകളെ ചാക്കിലാക്കി വെച്ചതിന് ശേഷം വീണ്ടും മുകളില്‍ വിറകടുക്കി പഞ്ചാസാരയും ഇട്ടാണ് ചിത കത്തിചത്. ജീവനുള്ളവയുടെ കഴുത്ത് തിരിച്ചൊടിച്ചാണ് താറാവുകളെ കൊന്നത്. ഇത് കര്‍ഷകരെയും നാട്ടുകാരെയും പ്രകോപിതരാക്കി. എന്നാല്‍ കൊല്ലാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നും ഇല്ലെന്നായിരുന്നു മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ പറഞ്ഞത്. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ഇടപ്പെട്ടതിന് ശേഷമാണ് രംഗം ശാന്തമായത്.
പാടശേഖരങ്ങളില്‍ പലയിടങ്ങളിലായി കിടന്ന ചത്ത താറാവുകളെ എടുത്തുകൊണ്ടുവരുന്നതിനും തീവെയ്ക്കാന്‍ സഹായിക്കുകയും ചെയ്ത നാട്ടുകാര്‍ക്കും കര്‍ഷകര്‍ക്കും ശരീര സംരക്ഷണത്തിനായി മഫ്ളറും, ഗ്ലൗസും മാത്രമാണുണ്ടായിരുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ജില്ലാ കളക്ടര്‍ സഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പരിസരത്ത് ആരെയും നിര്‍ത്താതിരിക്കാനായി പോലീസിന് പ്രത്യേകം നിര്‍ദ്ദേശം നല്കി. ആശാ പ്രവര്‍ത്തകര്‍ വരുന്ന ദിവസങ്ങളില്‍ രോഗം പിടിപെട്ടപ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍ സന്ദര്‍ശിച്ച് വളര്‍ത്ത് പക്ഷികളുടെ കണക്കെടുക്കുന്നതിനുള്ള നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നല്കി.
രണ്ടാം ഘട്ടമെന്ന നിലയില്‍ വേണ്ടിവന്നാല്‍ ഇവയെയും കൊല്ലുവാനുള്ള നടപടികള്‍ ഉണ്ടാവുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രദേശങ്ങളിലെ പത്ത് കര്‍ഷകര്‍ക്കും തീറ്റക്കായി കൊണ്ടുവന്ന പുന്നപ്ര പഞ്ചായത്തിലെയും കരുവാറ്റ പഞ്ചായത്തിലെയും രണ്ട് കര്‍ഷകര്‍ക്കുള്‍പ്പെടെ 42,000 ഓളം താറാവുകളാണ് ഇനി കൊല്ലാനായി അവശേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: