ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തി. രോഗനിയന്ത്രണത്തിന്റെ ഭാഗമായി അമ്പലപ്പുഴ, ചമ്പക്കുളം എന്നീ ബ്ലോക്കുകളിലെ രോഗബാധിതപ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഭവനസന്ദര്‍ശവും നടത്തി. പനി ബാധിച്ചവരെ കണ്ടെത്തുകയും അവരില്‍ ശ്വാസകോശരോഗലക്ഷണങ്ങളുള്ളവരെയും രോഗം ബാധിച്ച പക്ഷികളുമായി ഇടപഴകിയവരെയും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ചു.
മനുഷ്യനെ ബാധിക്കുന്ന പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സാ രോഗത്തിന് ഫലപ്രദമായ ഔഷധമായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത് ഒസെള്‍ട്ടാമിവിര്‍ എന്ന മരുന്നാണ്. ഈ ഔഷധത്തിന്റെ ഔചത്യമില്ലാത്ത ഉപയോഗം രോഗാണുക്കള്‍ക്ക് മരുന്നിനെ പ്രതിരോധിക്കാനുള്ള ശക്തി പകരുമെന്നു ഡിഎംഒ അറിയിച്ചു. മരുന്നിനെതിരെ പ്രതിരോധശേഷി കൈവരിച്ച രോഗാണുക്കള്‍ മുലം രോഗം ഉണ്ടാകുകയാണെങ്കില്‍ ചികിത്സ ഫലപ്രദമാകില്ല.
ആയതിനാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം മരുന്ന് കഴിക്കണം. ജില്ലയില്‍ ഇന്നലെ അമ്പലപ്പുഴ, ചമ്പക്കുളം ബ്ലോക്കുകളിലെ വിവിധ പഞ്ചായത്തുകളിലായി 3,824 വീടുകള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും ആവശ്യമായ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: