സിഡ്‌നി: മത്സരത്തിനിടെ പരിക്കേറ്റ ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂസ് (26) അന്തരിച്ചു. സെന്റ് വിന്‍സെന്റ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു അന്ത്യം. തലയില്‍ ബോള്‍ കൊണ്ട് പരിക്കേറ്റതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്‌ക്കു വിധേയനായ ഹ്യൂസിന് ഡോക്ടര്‍മാര്‍ വെന്റിലേറ്ററില്‍ ഉറക്കികിടത്തിയിരിക്കുകയായിരുന്നു.
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന പ്രാദേശിക മത്സരത്തിനിടെ കുത്തിയുയര്‍ന്ന ബൗണ്‍സര്‍ തലയുടെ പിന്നില്‍ കൊള്ളുകയായിരുന്നു. ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെയായിരുന്നു അപകടം. ഫാസ്റ്റ് ബൗളര്‍ സീന്‍ ആബട്ട് എറിഞ്ഞ പന്തുകൊണ്ട ഹ്യൂസ് ഉടന്‍ തന്നെ പിച്ചിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഹെലികോപ്ടര്‍ മുഖേന ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുകയായിരുന്നു.
ഓസീസിന് വേണ്ടി ഹ്യൂസ് 26 ടെസ്റ്റ് മത്സരങ്ങളും 25 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ 12ന് പാക്കിസ്ഥാനെതിരെയാണ് അവസാന രാജ്യാന്തര ഏകദിന മത്സരം കളിച്ചത്. നിരവധി ആഭ്യന്തര ടീമുകള്‍ക്കു വേണ്ടിയും ഹ്യൂസ് കളിച്ചിട്ടുണ്ട്.
ഹ്യൂസിനോടുള്ള ആദരസൂചകമായി ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഇപ്പോള്‍ നടക്കുന്ന മത്സരം ഉപേക്ഷിക്കുമെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയ അറിയിച്ചു. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും കൗണ്‍സിലിംഗ് നല്‍കുമെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: