മാവേലിക്കര: പക്ഷിപ്പനി ബാധിച്ച് താറാവു ചത്ത വീട്ടിലെ ഗൃഹനാഥന് പനി ബാധിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കേമങ്കുഴി ഉഴുത്തിലാല് വീട്ടില്‍ ശിവദാസനാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിരീക്ഷണത്തില്‍ കഴിയുന്നത്. പ്രാഥമിക പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല. മരുന്ന് നല്കി വീട്ടിലേക്ക് തിരികെ അയച്ചെങ്കിലും ഇയാള്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ശിവദാസന്റെ വീട്ടിലെ ഗര്‍ഭിണിയായ യുവതി അടക്കമുള്ളവരെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.ശിവദാസന്റെ വീട്ടിലെ മൂന്നുറ് താറാവുകളില്‍ നൂറ്റിയന്‍പതോളം താറാവുകള്‍ കഴിഞ്ഞ ദിവസം ചത്തിരുന്നു. പക്ഷിപ്പനി ആണെന്ന് അറിയാതെ ശിവദാസന്‍ ഇവയെ കുഴിച്ചുമൂടി. പിന്നീടാണ് രോഗവിവരം അറിയുന്നത്.
തടത്തിലാല് വാര്‍ഡില്‍ കൊട്ടാരത്തില്‍ വടക്കേതില്‍ വീട്ടില്‍ പൊടിന്റെ നൂറോളം താറാവുകളും കഴിഞ്ഞ ദിവസം ചത്തു. വടക്കേമങ്കുഴി മെറിന് വില്ലയില്‍ തമ്പിയുടെ ഉടമസ്ഥതയിലുള്ള 10 താറാവുകള്‍കൂടി ഇന്നലെ ചത്തു. രണ്ടുവാര്ഡുകളിലുമായി അമ്പതോളം താറാവുകള്‍കൂടി രോഗാവസ്ഥയിലാണ്. ചത്ത താറാവുകളെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് തെക്കേക്കര പഞ്ചായത്തിലെ വടക്കേമങ്കുഴി, തടത്തിലാല്, ചെറുകുന്നം വാര്‍ഡുകളില്‍ ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തില്‍ ബോധവത്ക്കരണം നടത്തി. പ്രതിരോധ മരുന്നുകളുടെ വിതരണമുള്‍പ്പെടെ കരുതല്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ ദിവസങ്ങളില്‍ നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: