ആലപ്പുഴ: പക്ഷിപ്പനി നിയന്ത്രണത്തിനുള്ള പ്രതിരോധനടപടികള്‍ ഊര്‍ജ്ജിതമാക്കിയതായും 10 ടീമുകള്‍ വ്യാഴാഴ്ച ജില്ലയിലെ അഞ്ചിടങ്ങളിലായി പ്രവര്‍ത്തനം നടത്തുമെന്നും ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു നടന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ദിവസവും വൈകിട്ട് കളക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. പരിശീലനം ലഭിച്ച മൃഗസംരക്ഷണവകുപ്പുദ്യോഗസ്ഥരാണ് പ്രധാനമായും ടീമിലുള്ളത്. രാവിലെ എട്ടു മുതല്‍ ടീമുകള്‍ പ്രവര്‍ത്തനം തുടങ്ങും. ഓരോ ടീമിനും നിശ്ചിത സ്ഥലവും ടാര്‍ജറ്റും നല്‍കിയിട്ടുണ്ട്. പക്ഷിപ്പനി ബാധിതമേഖലയുടെ ഒരു കിലോമീറ്റര്‍ പരിധിയിലെ താറാവുകളെയും മറ്റും കൊല്ലുന്ന കള്ളിങ് പ്രവര്‍ത്തനം ബുധനാഴ്ച ആരംഭിച്ചു.
പുറക്കാട്ടും ഭഗവതിപ്പാടത്തുമാണ് പ്രധാനമായും പ്രവര്‍ത്തനം നടത്തിയത്. 512 താറാവുകളെ നശിപ്പിച്ചു. ഇന്നത്തെ പ്രവര്‍ത്തനത്തിന് നെടുമുടി പഞ്ചായത്തിലും തലവടിയിലും ഓരോ ടീമുകളെ നിയോഗിച്ചിട്ടുണ്ട്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ രണ്ടു ടീമിനെയും പുറക്കാട്ടും ഭഗവതിപ്പാടത്തും മൂന്നു ടീമിനെയും നിയോഗിച്ചു. ടീമുകള്‍ ഒരേ സമയം പ്രവര്‍ത്തനം നടത്തും. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി റവന്യൂ വകുപ്പില്‍ നിന്നു ഡപ്യൂട്ടി തഹസീല്‍ദാര്‍ റാങ്കിലുള്ള നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചു. പ്രവര്‍ത്തനത്തിനാവശ്യമായ സഹായത്തിനായി പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്കാന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.
ഓരോ ടീമിലും പഞ്ചായത്തിന്റെ പ്രതിനിധിയെ കൂടാതെ അഞ്ചു പേര് വീതമാണുള്ളത്. വില്ലേജ് ഓഫീസറുമുണ്ടാകും. ഇവര്‍ക്ക് പോലീസ് സുരക്ഷ നല്‍കും. ടീമംഗങ്ങള്‍ക്കു സുരക്ഷാ വസ്ത്രവും മരുന്നും നല്‍കിയിട്ടുണ്ട്. വാഹനം, താമസസൗകര്യം, ഭക്ഷണം, വൈദ്യപരിശോധന തുടങ്ങിയവയും ഏര്‍പ്പെടുത്തി. റോഡു വഴിയും കായല്‍ -കനാലുകള്‍ വഴിയും പക്ഷികളെ കടത്തിക്കൊണ്ടു പോകുന്നതു തടയാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. രണ്ടാം ഘട്ടമായി വീടുകളില്‍ ബോധവത്കരണം നടത്തുന്ന പ്രക്രിയ തുടങ്ങും. രോഗവ്യാപനം തടയാന്‍ ഹോമിയോ മരുന്നു വിതരണം ചെയ്യും. പക്ഷികളെ കൊല്ലുന്ന സ്ഥലത്തു നിന്ന് പൊതുജനങ്ങള്‍ അകന്നു നില്‍ക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. രോഗബാധിതമേഖലയിലെ പക്ഷികളില്‍ നിന്ന് രോഗം മറ്റു പക്ഷികളിലേക്കും മനുഷ്യരിലേക്കും പകരാതിരിക്കാനുള്ള രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ആരും തടസം സൃഷ്ടിക്കരുത്.
എഡിഎം: ആന്റണി ഡൊമിനിക്, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് വി.സി. മധു, ഡെപ്യൂട്ടി കളക്ടര്‍ കെ.ആര്. ചിത്രാധരന്‍, മൃഗസംരക്ഷണവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജെ. മോഹനന്, പൗള്‍ട്രി ഡവലപ്മെന്റ് കോര്പ്പറേഷന് എംഡി: ഡോ. നൗഷാദ് അലി, വെറ്ററിനറി സര്‍വ്വകലാശാല പൗള്‍ട്രി വിഭാഗം ഡയറക്ടര്‍ ഡോ. ലിയോ ജോസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എ. സഫിയ ബീവി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ലിസി പി. സ്കറിയ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ തോമസ് ബേബി, ഫയര്‍ ആന്‍ഡ് റെസ്ക്യൂ അസി. ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ കുമാര്‍, എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എന്‍. മനോജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ആര്. പ്രമോദ് കുമാര്‍, കുട്ടനാട് തഹസീല്‍ദാര്‍ പി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: