മണ്ണഞ്ചേരി: മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണം പാചകം ചെയ്യാന്‍ ഇനി 20 മിനിറ്റ് മതിയാകും. ജില്ലാപഞ്ചായത്ത് അനുവദിച്ച അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച അത്യാധുനിക ഹൈജീനിക് സ്റ്റീം കിച്ചണ്‍ സജ്ജമായി. ചിരട്ടക്കനല്‍ കത്തിച്ച് വെള്ളം തിളപ്പിച്ച് അതിലൂടെ ലഭിക്കുന്ന ആവിയിലാണ് ഭക്ഷണം 20 മിനിറ്റ് കൊണ്ട് വേകുന്നത്. മുട്ട, പുട്ട്, ഇഡലി, പയര്‍ എന്നിവ ഒരേസമയം പുഴുങ്ങിയെടുക്കാനാകും. 60 ഇഡലി വേകാന്‍ വെറും എട്ടു മിനിറ്റ് മതിയാകും.
20 ഡിഗ്രി സെല്‍ഷ്യസിലാണ് ആവി പൈപ്പിലുടെ കടത്തിവിട്ട് ഭക്ഷണം വേവിച്ചെടുക്കുന്നത്. 30 കിലോ അരി വേകുന്ന രണ്ട് അണ്ടാവ് സ്റ്റീം കിച്ചണില്‍ ഘടിപ്പിച്ചിട്ടുണ്ട്. കഞ്ഞിവേവുന്നതിനുള്ള വെള്ളം പൈപ്പിലൂടെ അണ്ടാവിലെത്തും. വെന്തശേഷം കഞ്ഞിവെള്ളം പാത്രത്തിന്റെ അടിഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന പൈപ്പിലൂടെ പുറത്തേയ്ക്ക് കളയാനും സാധിക്കും. ജില്ലയില്‍ മൂന്നു വിദ്യാലയങ്ങള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ പാചകം ചെയ്യുന്നതിനുള്ള സംവിധാനമുള്ളൂ. പാചകക്കാരയ സോമന്, സരസമ്മ, ഗിരിജ എന്നിവര്‍ക്കാണ് സ്റ്റീം കിച്ചണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കിയിട്ടുള്ളത്. എല്‍കെജി മുതല്‍ എട്ടാം ക്ലാസുവരെ ആയിരത്തോളം കുട്ടികളാണ് ഇവിടെ ഉച്ചഭക്ഷണം കഴിക്കുന്നത്. സ്റ്റീം കിച്ചണിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാ. കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.ജി. രാജേശ്വരി നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: