ആലപ്പുഴ: പക്ഷിപ്പനി നിയന്ത്രിക്കുന്നതിനായി കൊല്ലുന്ന താറാവുകള്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്ന കാര്യം ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ച് പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് കൂടിയ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. രണ്ടു മാസം വരെ പ്രായമായ താറാവുകള്‍ക്ക് 75 രൂപയും അതിനു മുകളിലുള്ളവയ്ക്ക് 150 രൂപയും നല്‍കാനാണ് നിലവില്‍ സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ താറാവുകര്‍ഷകരും ജനപ്രതിനിധികളും തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യം മന്ത്രിസഭയുടെ ശ്രദ്ധയില്‍പ്പെടുത്തും. മുഖ്യമന്ത്രിയുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി.
രണ്ടുമാസം വരെ പ്രായമായ താറാവുകള്‍ക്ക് 100 രൂപയും അതിനു മുകളിലുള്ളവയ്ക്ക് 200 രൂപയും സഹായം അനുവദിക്കണമെന്ന ആവശ്യം മന്ത്രിസഭായോഗം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ പക്ഷിപ്പനി ബാധിതമായ നാലിടങ്ങളില്‍ രോഗപ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തും. വിവിധ വകുപ്പുകളെ സംയോജിപ്പിച്ചാണ് പ്രവര്‍ത്തനം നടത്തുക. മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ.പി. മോഹനന്, തോമസ് ചാണ്ടി എംഎല്‍എ, ജനപ്രതിനിധികള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: