ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്ക് അണുബാധ ഉണ്ടാകുന്നതായി വിദഗ്ദ്ധ പരിശോധനയില്‍ കണ്ടെത്തി. താലൂക്കാശുപത്രിയിലെ ഓപ്പറേഷന് തീയറ്ററില്‍ വേണ്ടത്ര ശുചിത്വം ഇല്ലാത്തതാണ് അണുബാധയുണ്ടാകാന്‍ കാരണമെന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കഴിഞ്ഞദിവസം താമല്ലാക്കല്‍ സ്വദേശിനിയായ യുവതിയെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി പുറത്തെടുത്ത കുട്ടിയ്ക്ക് അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടിയുടെ രോഗനിര്‍ണയം നടത്തിയപ്പോള്‍ അണുബാധയാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ആശുപത്രിയില്‍ പരിശോധന നടത്തിയത്.
കഴിഞ്ഞ 17നാണ് യുവതിയെ പ്രസവ സംബന്ധമായ ചികിത്സയ്ക്ക് ആശുപത്രിയില്‍ പ്രവേശിച്ചത്. 18ന് ലേബര്‍ റൂമില്‍ കയറ്റിയ ഇവര്‍ ശസ്ത്രക്രിയയിലൂടെ കുട്ടിക്ക് ജന്മം നല്കി. വേണ്ടത്ര പരിചരണം കിട്ടാത്തതുമൂലം കുട്ടിക്ക് കണ്ണുതുറക്കാന്‍ കഴിയാതെയും ശ്വാസ തടസവും അനുഭവപ്പെട്ടു. നാലുദിവസം ഇതേ നിലയില്‍ നിരീക്ഷണ റൂമില്‍ ആശുപത്രി അധികൃതര്‍ കുട്ടിയെ കിടത്തിയെങ്കിലും രോഗത്തിന്റെ കാരണമെന്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിന്നീട് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് അണുബാധയാണെന്ന് സ്ഥിരീകരിച്ചത്. ഇപ്പോഴും കുഞ്ഞ് വണ്ടാനം മെഡിക്കല്‍ കോളേജിലെ ശിശുവിഭാഗം വാര്‍ഡില്‍ ചികിത്സയിലാണ്. അത്യാഹിത വിഭാഗത്തിന് മുകളിലാണ് ഓപ്പറേഷന് തീയറ്റര്‍. ഓപ്പറേഷന് ശേഷം കുട്ടിയേയും അമ്മയേയും പ്രസവവാര്‍ഡില്‍ എത്തിക്കണമെങ്കില്‍ സ്ട്രെച്ചറില്‍ മാലിന്യം നിറഞ്ഞ പാതയിലൂടെ സര്‍ജറി ബ്ലോക്കുവഴി വേണം കൊണ്ടുപോകേണ്ടത്. സര്‍ജറി വാര്‍ഡിന് സമീപമാണ് മോര്‍ച്ചറിയും പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും അണുബാധ പടരാനുള്ള സാധ്യത കൂടുതലാണ്.
സാധാരണ പ്രസവത്തിനെക്കാള്‍ ഇവിടെ ഡോക്ടര്‍മാര്‍ക്ക് താല്‍പ്പര്യം സര്‍ജറിയിലൂടെ കുട്ടിയെ പുറത്തെടുക്കുന്നതിനാണെന്നും ആക്ഷേപമുണ്ട്.ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സര്ജറിന്റെ ബ്ലോക്കിന്റെ മുകള്‍ ഭാഗത്ത് സജ്ജീകരിച്ചട്ടുള്ള ഓപ്പറേഷന് തീയറ്റര്‍ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. സര്‍ജറി ബ്ലോക്കിലെ റാമ്പുവഴി പ്രസവവാര്‍ഡില്‍ അമ്മയെയും കുഞ്ഞിനേയും അണുബാധ ഏല്ക്കാതെ കൊണ്ടുപോകാന്‍ കഴിയുംവിധമുള്ള തീയറ്ററാണ് നവീകരിച്ചിട്ടുള്ളത്. ഇത് പ്രവര്‍ത്തിപ്പിക്കുവാന്‍ ആശുപത്രി അധികൃതര്‍ ഇനിയും തയ്യാറാകാത്തതിനെതിരെ പരാതിയുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: