ആലപ്പുഴ: കഞ്ചാവ് മാഫിയയുടെ അക്രമത്തില്‍ വൃദ്ധ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്. പൂങ്കാവ് കുരിശുപറമ്പില്‍ എല്‍സമ്മ (73), ഇവരുടെ മകന് ജാന്സുകുട്ടി (50), ഇയാളുടെ മകന് എമേഴ്സണ്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം.
പൂങ്കാവ് റെയില്‍വേ ട്രാക്കില്‍ കുറേ ദിവസങ്ങളായി അപരിചതര്‍ എത്തുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വൈകുന്നേരങ്ങളില്‍ റെയില്‍വേ ട്രാക്കില്‍ ഇരിക്കുവാന് എത്തുന്ന ഇവര്‍ പുലര്ച്ചയോടയേ മടങ്ങുകയുള്ളു. ഇവിടെ കഞ്ചാവ് വില്‍പ്പനയും ഉപയോഗിക്കലും എമേഴ്സന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇത് ചോദ്യം ചെയ്തിരുന്നു. ഇതാണ് അക്രമത്തിന് പിന്നില്‍. മാരകായുധങ്ങളുമായി എത്തിയ 15 അംഗ സംഘം മഴുവിന് എമേഴ്സണെ വെട്ടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത എല്‍സമ്മയേയും ജാന്സുകുട്ടിയേയും സംഘം മര്‍ദ്ദിച്ചു.
വീടിന്റെ മതിലും തകര്‍ത്ത ഇവര്‍ അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് മടങ്ങിയത്. പരിക്കേറ്റ മൂന്നുപേരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു. പൂങ്കാവ് റെയില്‍വേ ട്രാക്കിന് സമീപം കഞ്ചാവ് കച്ചവടം വ്യാപകമാണെന്ന് നോര്‍ത്ത് പോലീസില്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും ഫലം ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേരാണ് ഇവിടെ കഞ്ചാവ് വാങ്ങാനായി എത്തുന്നത്. സന്ധ്യാസമയങ്ങളില്‍ ഇതുവഴി പോകുന്ന സ്ത്രീകളെ കഞ്ചാവ് മാഫിയ അസഭ്യം പറയുന്നതും പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: