ശബരിമല: പ്രാരാബ്ദങ്ങള്‍ ഏറെയാണെങ്കിലും ഭഗവാന്റെ പാല്‍ക്കാരന് ഇത് ധന്യതയുടെ നാളുകള്‍. സന്നിധാനത്തുള്ള ഗോശാല പരിപാലിക്കുന്ന തേനി സ്വദേശിയായ വേലുച്ചാമിക്കു (57) മുന്നിലാണ് ഭാഗ്യവും പ്രാരാബ്ധവും ഒരുപോലെ കൈകോര്‍ക്കുന്നത്.നടതുറന്നിരിക്കുന്ന എല്ലാദിവസങ്ങളിലും ഭഗവാന് അഭിഷേകം ചെയ്യാനുള്ള പാല്‍ എത്തിക്കുന്നത് ഈ ഗോശാലയില്‍നിന്നാണ്.
ഇപ്പോള്‍ ആറുപേര്‍ ജോലിനോക്കുന്ന ഗോശാലയില്‍ 22 പശുക്കളാണ് ഉള്ളത്. ഇതില്‍ മൂന്ന് പശുക്കള്‍ക്കാണ് കറവയുള്ളത്. പുലര്‍ച്ചെ ഒന്നരയോടെ ഇവയെ കുളിപ്പിച്ച ശേഷം പാല്‍കറന്ന് രണ്ട് മണിയോടെ ക്ഷേത്രത്തിലെത്തിക്കുകയാണ് പതിവ്. ഗോശാലയിലെ പശുക്കള്‍ക്കും കാളകള്‍ക്കും വേലുച്ചാമി പേരുനല്‍കിയിട്ടുമുണ്ട്. കറുപ്പ്, ലക്ഷി, രാമു, മണികണഠന്‍, ചിന്ന മണികണ്ഠന്‍ തുടങ്ങിയ പേരുകളാണ് ഇവയ്‌ക്ക് നല്‍കിയിരിക്കുന്നത്. ഇവയെ കൂടാതെ ആറ് ആടുകളും നാല്‍പ്പതില്‍പ്പരം കോഴികളും ഇവിടെയുണ്ട്.
ഗോശാലയുടെ പരിപാലനത്തിനായി നേപ്പാളില്‍നിന്നെത്തിയ രണ്ടുപേരും ഇവിടെ തങ്ങുന്നു. മനോജ് കുമാറും, റാമും. കഴിഞ്ഞ 10 മാസമായി ഇവര്‍ ഇവിടെ ജോലി ചെയ്യുന്നു. അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലേക്ക് പുറപ്പെടാനിതിക്കുകയാണ് ഇവര്‍. ഈ വനക്ഷേത്രത്തിനുവേണ്ടി ജോലിചെയ്യാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അവര്‍ പങ്കുവെച്ചു.
എന്നാല്‍ അംഗപരിമിതനായ വേലുച്ചാമിക്കുമുന്നില്‍ ബുദ്ധിമുട്ടുകളും ഏറെയാണ്. ഒരപകടത്തെതുടര്‍ന്ന് മുമ്പ് കാലിന് പരിക്കേറ്റിരുന്നു.ഇപ്പോള്‍ ഒരുകാലിന് നീളക്കുറവുണ്ട്. 7500 രൂപമാത്രമാണ് വേലുച്ചാമിക്ക് ലഭിക്കുന്ന ശമ്പളം. കാടിറങ്ങാതെ കന്നുകള്‍ക്ക് കാവല്‍നില്‍ക്കുന്നവനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. സ്വന്തം വീട്ടില്‍ ദുരന്തങ്ങളുണ്ടായിട്ടും ഭഗവാന്റെ ഗോശാലയ്‌ക്ക് കൂട്ടിരിക്കുന്നവനാണ് അദ്ദേഹം. വിവരങ്ങളറിയാന്‍ വീട്ടില്‍ ഫോണ്‍ പോലും ഇല്ലാത്തയാള്‍.മേല്‍ശാന്തി നല്‍കിയ ഒരു മൊബൈല്‍ ഫോണ്‍ വേലുച്ചാമിക്കുണ്ട്.വീടിനടുത്ത് ഫോണുള്ള വീട്ടിലേക്ക് വിളിച്ചാണ് കുടുംബത്തിന്റെ വിവരങ്ങളറിയുന്നത്. ലഭിക്കുന്ന ശമ്പളം വീട്ടിലേക്ക് അയച്ചു ടുക്കുമെങ്കിലും അത് ആവശ്യങ്ങള്‍ക്ക് തികയാറില്ലെന്ന് വേലുച്ചാമി പറയുന്നു.
ശബരിമല നടതുറന്ന് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഗോശാലയിലെ പശുക്കളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.എന്തെങ്കിലും അസുഖം പശുക്കള്‍ക്ക് ഉണ്ടായാല്‍ നിലവില്‍ ഡോക്ടര്‍ വേലുച്ചാമി തന്നെയാണ്. അതുപോലെ അദ്ദേഹത്തിനും സഹായികള്‍ക്കും സ്വയം ചികിത്സയാണ് നടക്കുന്നത്. മുമ്പ് പ്രസവത്തെതുടര്‍ന്ന് ഒരു പശു ഇവിടെ ചത്തിരുന്നു. ഇതിന്റെ കുട്ടി ഇപ്പോഴും ഗോശാലയിലുണ്ട്. ഗോശാലക്കുസമീപം പാമ്പുഭീഷണിയും നിലവിലുണ്ട്.വിഷത്തിനുള്ള പച്ച മരുന്നും കരുതിയാണ്ഇവര്‍ ഓരോ രാത്രിയും തള്ളിനീക്കുന്നത്.
വേലുച്ചാമിയുടെ മറ്റ് മൂന്ന് സഹായികളും തേനിക്കാരാണ്. അയ്യപ്പദര്‍ശനം നടത്തുന്നതിന്റെ ധന്യത ഇവര്‍ക്കുണ്ട്. എങ്കിലും മറുവശത്ത് പ്രാരാബ്ധങ്ങളാണ് ഇവരെ തുറിച്ചുനോക്കുന്നത്. പശുക്കളെ പരിശോധിക്കുന്നതിന് ഡോക്ടര്‍മാരെത്തുന്നില്ലെന്ന പരിഭവംപോലും നിഷ്‌കളങ്കതയിലൂന്നിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: