ആലപ്പുഴ: കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലും താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ജനം ആശങ്കയിലായി. കഴിഞ്ഞ ഒമ്പത് മുതല്‍ ഇതുവരെ ചത്തൊടുങ്ങിയത് പതിനേഴായിരത്തോളം താറാവുകളാണ്. രോഗം കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടര്‍ന്നുപിടിച്ചതായി സൂചനയില്ലെങ്കിലും മാരകമായ പക്ഷിപ്പനി കുട്ടനാട്ടിലും എത്തിയെന്നതാണ് ഗൗരവതരം.
സംസ്ഥാനത്ത് ആദ്യമായാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് താഴെയുള്ള പ്രദേശമായതിനാല്‍ ജലാശയങ്ങളിലൂടെയും പക്ഷിപ്പനി പടര്‍ന്നുപിടിക്കാനുള്ള സാദ്ധ്യതയും അധികൃതര്‍ ഗൗരവമായി കാണുന്നു. താറാവുകള്‍ ചത്തുതുടങ്ങി രണ്ടാഴ്ചയോളം പിന്നിട്ടിടും ഇത് പ്രതിരോധിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വന്നുവെന്ന് കര്‍ഷകര്‍ക്ക് പരാതിയുണ്ട്. കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലുമായി നൂറുകണക്കിന് കര്‍ഷകരാണ് താറാവുകളെ വളര്‍ത്തി ഉപജീവനം നടത്തുന്നത്. ഇതുകൂടാതെ നിരവധി താറാവ് കച്ചവടക്കാരുമുണ്ട്.
പക്ഷിപ്പനി ബാധിച്ചുവെന്ന വിവരം ഇവരുടെയൊക്കെ ജീവിതമാര്‍ഗത്തെ തന്നെ സാരമായി ബാധിച്ചു. രണ്ട് കര്‍ഷകരുടെ താറാവിന് കൂട്ടങ്ങളാണ് അടുത്തിടെ കൂട്ടത്തോടെ ചത്തത്. ഇതിന്റെ പേരില്‍ കുട്ടനാട്ടിലെയും പരിസര പ്രദേശങ്ങളിലെയും താറാവുകളെ കൂട്ടത്തോടെ കൊന്ന് കത്തിച്ചുകളയാനുള്ള തീരുമാനത്തിലും കര്‍ഷകര്‍ക്ക് പ്രതിഷേധമുണ്ട്. ഇതിനകം ചത്ത താറാവുകള്‍ക്ക് നഷ്ടപരിഹാരം നല്കാത്തവര് ഇനി കൊന്നൊടുക്കുന്ന താറാവുകള്‍ക്ക് ഇനി എന്ത് നഷ്ടപരിഹാരം നല്‍കുമെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. നെല്‍ക്കൃഷിക്ക് പിന്നാലെ താറാവ് കൃഷിയും പ്രതിസന്ധിയിലാകുന്നതോടെ കുട്ടനാടന്‍ ജനത ദുരിതത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: