ആലപ്പുഴ: താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ജില്ലയിലെ അഞ്ചിടങ്ങളില്‍ ശേഷിക്കുന്ന താറാവിനെ കൂട്ടത്തോടെ കൊല്ലാന്‍ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നഗരത്തിലെ നെഹ്റുട്രോഫി വാര്‍ഡ്, നെടുമുടി, ചമ്പക്കുളം, തകഴി, പുറക്കാട് എന്നീ പഞ്ചായത്തുകളിലെയും താറാവുകളെയാണ് കൊല്ലുക. ഇതിനായി പോലീസിന്റെ നേതൃത്വത്തില്‍ ദൗത്യ സംഘത്തെ നിയോഗിച്ചു.
താറാവുകളെ കൊന്ന ശേഷം കത്തിച്ചു കളയാനാണ് തീരുമാനം. താറാവുകളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നത് തടയാനായി ഈ പ്രദേശങ്ങളില്‍ പോലീസ് പട്രോളിങ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളില്‍ താറാവിറച്ചി വില്‍പ്പന നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. എച്ച്5എന്‍1 പക്ഷി പനിയാണ് കുട്ടനാട്ടില്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ താറാവുകളെ ബാധിച്ചതെന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായി മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
നേരത്തെ ഡക്ക് പ്ലേഗ് എന്ന വിലയിരുത്തലിലായിരുന്നു മൃഗസംരക്ഷണ വകുപ്പ്. മറ്റു പക്ഷി മൃഗാദികളിലേക്കും മനുഷ്യരിലേക്കും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇതിനാലാണ് താറാവ് ഇറച്ചി നിരോധിച്ചത്. നെഹ്റുട്രോഫി വാര്‍ഡിലെ ഭഗവതി പാടശേഖരത്താണ് ആദ്യം താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് മൂലമുണ്ടായ നഷ്ടം കണക്കാക്കാന്‍ മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: