ഹരിപ്പാട്: പാടശേഖരം നികത്തിക്കൊണ്ടിരിക്കെ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പിടിച്ചെടുത്ത മണ്ണുമാന്തി യന്ത്രങ്ങള്‍ ഭൂമാഫിയ സംഘങ്ങള്‍ കടത്തിയത് ഹരിപ്പാട് പോലീസ് പിടിച്ചെടുത്തു. ചമ്പക്കുളം തോമസ് കണ്‍സ്ട്രക്ഷന്‍സിലെ രണ്ട് ഹിറ്റാച്ചിയും ഏവൂര്‍ വൃന്ദാവനില്‍ ബിജുവിന്റെ പേരിലുള്ള ഒരു ഹിറ്റാച്ചിയുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഇവരുടെ വീടുകളില്‍ നിന്നുമാണ് ഹരിപ്പാട് എസ്ഐ: ആര്. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഹിറ്റാച്ചികള്‍ കണ്ടെത്തിയത്.
ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ഹരിപ്പാട് ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴാണ് സമീപത്തുള്ള 40 ഏക്കറോളം വരുന്ന പടിഞ്ഞാറെ പറമ്പിക്കേരി പാടശേഖരം അനധികൃതമായി നികത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് യന്ത്രങ്ങള്‍ പിടിച്ചെടുക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്കി. എന്നാല്‍ പിടിച്ചെടുത്ത യന്ത്രങ്ങള്‍ പിന്നീട് ഭൂമാഫിയ സംഘം കടത്തിക്കൊണ്ടുപോയി. സംഭവം വിവാദമായതോടെ ഹരിപ്പാട് വില്ലേജ് ഓഫീസറെ കഴിഞ്ഞ ദിവസം കളക്ടര്‍ സസ്പെന്‍ഡ് ചെയ്യുകയും, തഹസില്‍ദാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും, പോലീസ് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: