ആലപ്പുഴ: ഭവനവായ്പ എഴുതിത്തള്ളിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ച് അഞ്ചുവര്‍ഷം പിന്നിട്ടിട്ടും ആധാരം തിരികെ കിട്ടാതെ ആയിരകണക്കിന് ആളുകള്‍ വലയുന്നു. പത്തുവര്‍ഷം മുമ്പ് രാജീവ് ദശലക്ഷ ഭവനപദ്ധതിയിലൂടെ വായ്പയെടുത്തവര്‍ക്കാണ് ദുഃസ്ഥിതി. 1992-95 കാലയളവില്‍ കേന്ദ്രസര്‍ക്കാരിന്റെ രാജീവ് ദശലക്ഷ ഭവനപദ്ധതി നടപ്പാക്കിയത്. ആലപ്പുഴ വികസന അതോറിറ്റി വഴിയായിരുന്നു വായ്പാവിതരണം. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന അയ്യായിരത്തോളം കുടുംബങ്ങള്‍ക്കാണ് വായ്പ ലഭിച്ചത്. 25,000 രൂപവരെയാണ് പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്. ആദ്യം ഒരു വര്‍ഷത്തെ അടവുതുക മുന്‍കൂറായി ഗുണഭോക്താക്കളില്‍നിന്ന് ഈടാക്കുകയും ചെയ്തു.
2009ല്‍ രാജീവ് ദശലക്ഷ ഭവന പദ്ധതിയുള്‍പ്പെടെ ഭവന നിര്‍മ്മാണ ബോര്‍ഡ് നേരിട്ടും കളക്ടര്‍മാര്‍ വഴിയും നടപ്പാക്കിയിരുന്ന ഭവനനിര്‍മാണ പദ്ധതികളുടെ കടം എഴുതിത്തള്ളുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വായ്പയെടുത്തവര്‍ക്ക് വസ്തുവിന്റെ ആധാരം തിരികെ നല്‍കാനും തീരുമാനിച്ചു. രാജീവ് ദശലക്ഷ ഭവനപദ്ധതി വായ്പയെടുത്തവര്‍ ആധാരം ലഭിക്കാനായി തദ്ദേശസ്ഥാപനങ്ങളെ സമീപിച്ചപ്പോള്‍ കുടിശികയായുള്ള തുക പലിശ സഹിതം അടച്ചാല്‍ മാത്രമേ ആധാരം തിരികെ നല്‍കൂ എന്നാണ് മറുപടി ലഭിച്ചത്. കടം എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നെങ്കിലും ഇതുസംബന്ധിച്ച അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ പറയുന്നത്.
1996 മുതല്‍ 1999 വരെ പലരും വായ്പ തിരിച്ചടയ്ക്കുകയും ചെയ്തു. ആലപ്പുഴ വികസന അതോറിറ്റിയുടെഓഫീസിലാണ് പണം തിരിച്ചടച്ചിരുന്നത്. എന്നാല്‍, 1999ല്‍ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന് ആലപ്പുഴ വികസന അതോറിറ്റിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ത്തി. ഭവനപദ്ധതി വായ്പയെടുത്തവര്‍ക്ക് മുന്നറിയിപ്പും നല്‍കാതെയാണ് അതോറിറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
അതോറിറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോള്‍ ഭവനവായ്പയുടേതുള്പ്പെടെയുള്ള രേഖകള്‍ അതത് തദ്ദേശസ്ഥാപനങ്ങളെ ഏല്പിച്ചിരുന്നു. ഇക്കാര്യം വായ്പയെടുത്തവരെ അറിയിച്ചിരുന്നതുമില്ല. നിലവില്‍ ആധാരം മടക്കി ലഭിക്കാന്‍ എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് വായ്പയെടുത്തവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: