ന്യൂദല്‍ഹി: രാഷ്ട്രത്തെ നയിക്കുകയെന്നതാണ് ഹിന്ദുസമൂഹത്തിന്റെ കടമയെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി പറഞ്ഞു. ഹിന്ദുസമൂഹം ലോകത്തിന്റെ മുഴുവന്‍ നന്മക്കായാണ് പ്രവര്‍ത്തിക്കുന്നതെന്നും ആത്മാഭിമാനമുള്ള ഹിന്ദുക്കളായി ജീവിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു സുരേഷ് ജോഷി.
ലോകത്തിനുള്ള നമ്മുടെ സന്ദേശമെന്നത് വിവിധരാജ്യങ്ങളില്‍നിന്നും ഹിന്ദുകോണ്ഗ്രസിനായി എത്തിച്ചേര്‍ന്ന പ്രതിനിധികള്‍ തന്നെയാണ്. ദുര്ബലരായവരുടേയും പാവപ്പെട്ടവരുടേയും പ്രകൃതിയുടേയും സംരക്ഷണമാണ് ഹിന്ദുധര്‍മ്മം ആവശ്യപ്പെടുന്നത്.
അതാണ് നമ്മുടെ പ്രഥമകര്‍ത്തവ്യം. കൂടുതല്‍ ശക്തരായി മാറിക്കൊണ്ടുമാത്രമേ ഇത്തരം കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനാകൂ. മറ്റുസമൂഹങ്ങളുടെയും ലോകത്തിന്റെയും തന്നെ സംരക്ഷകരായി മാറുന്നതിന് ശക്തരാകേണ്ടത് ഹിന്ദുസമൂഹമാണ്. ഒരു പ്രത്യേക വിഭാഗത്തിനുവേണ്ടിയോ ലോകത്തെ ഏതെങ്കിലും പ്രത്യേകമായ ഭാഗത്തിനുവേണ്ടിയോ അല്ല ഹിന്ദു പ്രവര്‍ത്തിക്കേണ്ടത്.
ലോകത്തിന്റെ മുഴുവന്‍ നന്മ ലക്ഷ്യമിട്ടാവണം ഹിന്ദുസമൂഹത്തിന്റെ പ്രവര്‍ത്തനം. ആത്മാഭിമാനമുള്ള സംസ്കാരത്തിന്റെ പിന്മുറക്കാരെന്ന നിലയില്‍ അഭിമാനത്തോടെ മുന്നോട്ടുപോകണം. 1925ല്‍ ആരംഭിച്ച നമ്മുടെ സംഘടനാ പ്രവര്‍ത്തനം അതിന്റെ വിശ്വരൂപദര്ശനത്തിനുള്ള തയ്യാറെടുപ്പിലാണെന്നും ഈ സന്ദേശവുമായി സമൂഹത്തിനിടയിലേക്ക് എത്തിച്ചേരണമെന്നും സര്‍കാര്യവാഹ് ആഹ്വാനം ചെയ്തു.
വിശ്വഹിന്ദുപരിഷത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ ഭായ് തൊഗാഡിയ, ജനറല്‍ സെക്രട്ടറി ചമ്പത് റായി എന്നിവര്‍ പ്രസംഗിച്ചു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സുരേഷ് സോണി, വിവിധ കേന്ദ്രമന്ത്രിമാര്‍, സാമൂഹ്യസാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: