ചാത്തന്നൂര്‍: വി.എം.സുധീരന് നയിക്കുന്ന ജനപക്ഷയാത്ര ചാത്തന്നൂരില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം അവിശേഷിക്കെ യാതൊരുവിധ പ്രവര്‍ത്തനവും നടക്കുന്നില്ല എന്നത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയിലേക്ക് വിരല്‍ചൂണ്ടുന്നു. യാത്രയ്ക്ക് കൂടുതല്‍ പ്രധാന്യം കൊടുക്കേണ്ടെന്ന തീരുമാനവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ടു പോകുന്നു. യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടത്താത്തത് ചാത്തന്നൂര്‍, ആദിച്ചനല്ലൂര്‍ മണ്ഡലം കമ്മിറ്റികളാണ്. സേവാദള്‍ സംസ്ഥാന ചെയര്മാന് സുന്ദരേശന്‍പിള്ളയാണ് ആദിച്ചനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്ത ബന്ധുവായ ജേക്കബ് വര്‍ഗീസാണ് ചാത്തന്നൂരില്‍ മണ്ഡലം പ്രസിഡന്റ്.
പ്രാദേശിക നേതാക്കള്‍ക്ക് യാതൊരുവിധ പരിഗണനയും കൊടുക്കാതെ സംസ്ഥാന നേതാവിനെ തന്നെ ആദിച്ചനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നോമിനേറ്റു ചെയ്തതില്‍ വ്യാപകമായ പ്രതിഷേധമുണ്ട്. കൂടാതെ ഇവിടെ കോണ്‍ഗ്രസുകാരനായ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കൊട്ടിയം സുനിലിനെ യൂത്ത് കോണ്‍ഗ്രസ് അസംബ്ലി പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൂടിയായ കൊട്ടിയം സാജന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതും അതിനെതിരെ പാര്‍ട്ടി നടപടി ഉണ്ടാവുന്നതിന് പകരം പാര്‍ടടി സംരക്ഷിക്കുന്ന നിലപാടാണ് സീകരിച്ചതെന്ന് ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആരോപിക്കുന്നു.
നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാലിസ്റ്റില്‍പെട്ട കൊട്ടിയം സാജനെ സംരക്ഷിക്കുന്നത് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ബിന്ദുകൃഷ്ണയാണ്. ഇതിനാല്‍ തന്നെ ആദിച്ചനല്ലൂര്‍കാരിയായ ബിന്ദുവിനു എതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പാണ് ഉള്ളത്. പഞ്ചായത്ത് മെമ്പര്‍മാര്‍ അവരുടെ വഴിയും ഐഎന്റ്റിയുസി അവരുടെ വഴിയും പോകുമ്പോള്‍ യാതൊരു ഏകോപനവും ഇല്ലാതെ ആദിച്ചനല്ലൂരില് കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു.
മണ്ഡലം പ്രസിഡന്റ് സുന്ദരേശന്‍പിള്ള ജനപക്ഷയാത്ര തുടങ്ങിയത് മുതല്‍ കെപിസിസി പ്രസിഡന്റിന്റെ കൂടെയാണ്. അതുകൊണ്ടുതന്നെ ഇവിടെ യാതൊരുവിധ പ്രവര്‍ത്തനവും നടക്കുന്നില്ല. കൊട്ടിയം ടൗണിലോ ദേശീയപാതയിലോ ഒറ്റ ചുവരെഴുത്തുപോലും നടത്തിയിട്ടില്ല. ബൂത്തുകളില്‍ പ്രവര്‍ത്തനമിലലാത്തതും ശ്രദ്ധേയമാണ്. കൂപ്പണുകള്‍ പാര്‍ട്ടിയിലെ പിരിവ് തൊഴിലാളികളുടെ കയ്യിലെത്തി എന്ന് ബൂത്ത് ഭാരവാഹികള്‍ പറയുന്നു. ഇനി അവര്‍ പിരിക്കട്ടെ, അവര്‍ പരിപാടിക്ക് പോകട്ടെ എന്ന നിലപാടാണ് ഇവിടെയുള്ള കോണ്‍ഗ്രസുകാര്‍ക്ക്.
ചാത്തന്നൂരിലെ സ്ഥിതിയും മറിച്ചല്ല. സാധാരണ കെപിസിസിയുടെ യാത്ര വരുമ്പോള്‍ ചാത്തന്നൂരിലാണ് യോഗം കൂടുക. നിയോജകമണ്ഡലത്തിന്റെ സെന്റര്‍ ചാത്തന്നൂരിലാണ്. എന്നാല്‍ ഇക്കുറി പരവൂരിലാണ് കൊല്ലം ജില്ലയിലെ അവസാന യോഗം. അതുകൊണ്ട് തന്നെ ചാത്തന്നൂരില്‍ യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ ബന്ധു കൂടിയായ ജേക്കബ് വര്‍ഗീസ് ജില്ലാ-കെപിസിസി നേതാക്കളെ അവഗണിക്കുകയാണ് എന്ന് പൊതുവേ പരാതിയുണ്ട്.
കൂടാതെ വഴിവിട്ട രാഷ്ട്രീയബന്ധങ്ങള്‍ മൂലം യാതൊരുവിധ സമരപരിപാടികളും ചാത്തന്നൂരില്‍ നടക്കുന്നില്ല. പഞ്ചായത്തിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും നാവനക്കാന്‍ പോലും തയ്യാറാകാത്ത പ്രസിഡന്റിനു എതിരെ നിരവധി ആരോപണങ്ങളും ഉയരുന്നുണ്ട്. ഉമ്മന്‍ചാണ്ടിബന്ധം ഉപയോഗിച്ച് പണപ്പിരിവാണ് ഇദ്ദേഹത്തിന്റെ പ്രധാനപരിപാടിയെന്ന് ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആരോപിക്കുന്നു.
കഴിഞ്ഞ പത്തു വര്‍ഷമായി തുടരുന്ന പ്രസിഡന്റ് മാറണമെന്ന് പാര്‍ടടിക്കാര്‍ ഒന്നടങ്കം പറഞ്ഞിട്ടും നേതൃത്വം വീണ്ടും ഇദ്ദേഹത്തെ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നാണ് മറ്റൊരു ആക്ഷേപം. മണ്ഡലം ബൂത്ത് തല യോഗം വിളിക്കാതെയും അഭിപ്രായം ചോദിക്കാതെയും വച്ച പ്രസിഡന്റിനെ ഞങ്ങള്‍ക്ക് വേണ്ടാ എന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ സുന്ദരേശന്‍പിള്ളയെയും ജേക്കബ് വര്‍ഗീസിനെയും മണ്ഡലം പ്രസിഡന്റുമാരാക്കിയതില്‍ കടുത്ത അസ്തൃപ്തിയിലാണ് ഇവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
ഇവിടങ്ങളിലെ സ്ഥിതി ഇതാണെങ്കില്‍ മറ്റുള്ള മണ്ഡലങ്ങളിലെയും സ്ഥിതി വിഭിന്നമല്ല. എ, ഐ വിഭാഗങ്ങള്‍ ചേരി തിരിഞ്ഞു പോര്‍വിളിക്കുമ്പോള്‍ ഐ ഗ്രൂപ്പില്‍ മൂപ്പിളമതര്‍ക്കം നടക്കുകയാണ്. യൂത്ത്കോണ്‍ഗ്രസിന്റെ നിശാക്യാബില്‍ നടന്ന ഐ ഗ്രൂപ്പുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷം കോണ്‍ഗ്രസിലേക്കും വ്യാപിക്കുന്നുണ്ട്. ഇത് കൂടാതെ കോണ്‍ഗ്രസുകാര്‍ യാത്രയുടെ പേരില്‍ ചിലയിടങ്ങളില്‍ പിരിക്കുന്നത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍ക്കും നാട്ടുകാര്‍ക്കും ബാധ്യതയാകുകയാണ്. ഓരോ ബൂത്തു കമ്മിറ്റിയും സ്വീകരണച്ചടങ്ങില്‍ 15000 രൂപവീതം പ്രസിഡന്റിനെ ഏല്പിക്കണമെന്നാണ് കെ.പി.സി.സി.യടെ സര്‍ക്കുലര്‍.
നിര്‍ജീവമായ ബൂത്ത് കമ്മിറ്റികള്‍ 15000 രൂപ വീതം സംഘടിപ്പിക്കാന്‍ പെടാപ്പാട് പെടുകയാണ്. ഒരു മണ്ഡലം കമ്മിറ്റി യില്‍തന്നെ പതിനഞ്ചുമുതല്‍ ഇരുപത്തിയഞ്ചുവരെ ബൂത്ത് കമ്മിറ്റികളാണുള്ളത്. ഓരോ ബൂത്തുകമ്മിറ്റിയും ഈ ക്വാട്ട നാട്ടുകാരില്‍നിന്നും പിരിച്ചെടുത്ത് വി.എം.സുധീരന്റെ സ്വീകരണ സമ്മേളനസ്ഥലത്തു കൈമാറണം. 15000 രൂപ ക്വാട്ട നിശ്ചയിച്ചതില്‍ ഓരോ ഘടകത്തിനും വിഹിതമുണ്ട്. 15000 രൂപയില്‍ കെപിസിസിക്ക് അയ്യായിരം രൂപയും ജില്ലാബ്ലോക്ക് കമ്മിറ്റികള്‍ക്ക് 2500 രൂപ വീതവും മണ്ഡലം കമ്മിറ്റികള്‍ക്ക് 2000 രൂപ വീതവും ബൂത്ത് കമ്മിറ്റികള്‍ക്ക് 3000 രൂപ വീതവുമാണ് വിഹിതം.
ഓരോ ഘടകത്തിനും പ്രവര്ത്ത ന ഫണ്ടിനാണ് വിഹിതം നിശ്ചയിച്ചിരിക്കുന്നത്. കൂപ്പനുകള്‍ എല്ലാം തന്നെ സ്ഥിരം പിരിവുകാരായ കോണ്‍ഗ്രസുകാര്‍ കൈവശപ്പെടുത്തികഴിഞ്ഞു. പിരിവും തകൃതിയാണ്. എന്തായലും സുധീരന്റെ യാത്ര കടന്നുപോകുമ്പോള്‍ ചില ഭാരവാഹികളുടെ സ്ഥാനം തെറിക്കും എന്ന ആശ്വാസത്തിലാണ് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: