പൂത്തൂര്‍: അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭീഷണിപെടുത്തി കേസൊതുക്കാന്‍ ഇടത് നേതാക്കളുടെ ശ്രമം.
കുളക്കട ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി കുളക്കട മലപാറ അശ്വതിഭവനില്‍ സുരേന്ദ്രന്റെ മകന് അജിത്തിന് മര്‍ദ്ദനമേറ്റ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകാത്തത് സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണെന്നാണ്് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥി തന്നെ മര്‍ദ്ദിച്ചത് എന്‍സിസിയുടെ ചാര്‍ജുള്ള അജയകുമാറും മറ്റൊരു അധ്യാപകനായ ശശിയും ചേര്ന്നാെണന്ന് പറഞ്ഞിരുന്നു.
എന്‍സിസിയുടെ ബാറ്റണ്‍ ഉപയോഗിച്ചും കൈവച്ചും ശരീരത്തും മുഖത്തും പൊതിരെ തല്ലിയെന്നാണ് പറഞ്ഞത്. പോലീസിലും ഇതേപോലെ പരാതി നല്കി.
എന്നാല്‍ പിറ്റേദിവസം കൂടിയ സ്കൂള്‍ പിടിഎ അധ്യാപകന് പൂര്‍ണപിന്തുണ നല്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇരകളുടെ ഭാഗം കേള്‍ക്കാന്‍ പോലും തയ്യാറായില്ല. കെഎസ്ടിഎ നേതാവായ അധ്യാപകനെ സംരക്ഷിക്കാന്‍ സിപിഎം ഒരുക്കിയ നാടകങ്ങളായിരുന്നു ഇതെന്ന് പിന്നീടാണ് രക്ഷിതാക്കള്‍ പോലും മനസിലാക്കുന്നത്. പിതാവിനെ കൊണ്ടും വിദ്യാര്‍ത്ഥിയെ കൊണ്ടും മൊഴി മാറ്റിക്കാനായിരുന്നു പിന്നീടുള്ള സിപിഎം സംഘത്തിന്റ ശ്രമം.
സമ്മര്‍ദ്ദം ശക്തമായതോടെ ഒറ്റപെട്ട പാവപ്പെട്ട പട്ടികജാതിക്കാരായ കുടുംബം പേടിച്ച് മൊഴി മാറ്റി പറയാന്‍ തയ്യാറായി. എന്നാല്‍ പട്ടികജാതിവര്‍ഗ കമ്മീഷന് അംഗം ഇവരെ സന്ദര്‍ശിച്ചപ്പോള്‍ തങ്ങള്‍ ഭീഷണികൊണ്ടാണ് മൊഴി മാറ്റുന്നതെന്നും പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും ഇവര്‍ പറഞ്ഞു. സ്കൂളും ആശുപത്രിയും സന്ദര്‍ശിച്ച് വിവരങ്ങള്‍ മനസിലാക്കിയ കമ്മീഷന് അംഗം എഴുകോണ്‍ നാരായണന് റൂറല്‍ ജില്ലാപോലീസ് മേധാവിയോടും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചുംബനസമരത്തിന് പോലും പിന്തുണ കൊടുക്കുന്ന ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ സംഘടനകള്‍ പാവപ്പെട്ട പട്ടികജാതി യുവാവിന് മര്‍ദ്ദനമേറ്റ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നീതി ലഭിക്കാത്തതിര്റ പേരില്‍ ഒരു മുദ്രവാക്യം പോലും വിളിക്കാന്‍ കാണാത്തത് നാട്ടുകാരില്‍ കൗതുകമുണര്‍ത്തിയിട്ടുണ്ട്. തങ്ങളുടെ സംഘടനാനേതാവായ അധ്യാപകനെ എങ്ങനെ രക്ഷിക്കാം എന്നാണ് കുട്ടി സഖാക്കള്‍ ഇപ്പോള്‍ തലപുകഞ്ഞാലോചിക്കുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
എന്‍സിസി ക്യാമ്പുകളിലും വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്നതില്‍ ഹരം കൊള്ളുന്നയാളാണ് അധ്യാപകനെന്ന് മുമ്പും പരാതി ഉയര്‍ന്നിരുന്നു. നടപടി എടുക്കാത്ത പോലീസിന്റേയും വിദ്യാഭ്യാസ വകൂപ്പിന്റേയും നടപടിയില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: