മണ്ണഞ്ചേരി: നോക്കുകൂലിക്ക് പകരം അമിത കൂലി വാങ്ങി സഖാക്കളുടെ പീഡനം. സ്വന്തം സഖാക്കള്‍ തന്നെയാണ് അമിത കൂലി വാങ്ങാന്‍ തയാറായതെന്നാണ് വിരോധാഭാസം. മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാര്‍ഡ് മുല്ലശേരി സി.പി. രവീന്ദ്രനില്‍ നിന്നാണ് സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തൊഴിലാളികള്‍ അമിത കൂലി വാങ്ങിയത്. ഇടതുപക്ഷ സഹയാത്രികനും സാമൂഹ്യപ്രവര്‍ത്തകനും കാവുങ്കല്‍ ദേവസ്വം പ്രസിഡന്റുമാണ് രവീന്ദ്രന്.
അയല്‍വാസിയായ ബിഎംഎസ് തൊഴിലാളിയാണ് വാര്‍ക്കല്‍ പണി പിടിച്ചിരുന്നത്. അധികസമയം ജോലി ചെയ്താലും ന്യായമായ കൂലി മാത്രമാണ് ഈ യുവാവ് വാങ്ങാറുള്ളൂവെന്ന് രവീന്ദ്രന് പറഞ്ഞു. വീടിന്റെ എക്സ്റ്റന്‍ഷന്‍ വര്‍ക്കിന് 39 ചാക്കിന്റെ കുഴ ഇടുന്ന ജോലിയാണുണ്ടായിരുന്നത്. എഐടിയുസിയും ഐഎന്‍ടിയുസിയും ഏഴുപേരെ വീതം ജോലിക്ക് വച്ചപ്പോള്‍ 19 തൊഴിലാളികളെയാണ് സിഐടിയു രംഗത്തിറക്കിയത്. കരാറുകാരന്റെ പണിക്കാര് ഉള്ളതുകൊണ്ട് ഇത്രയും പേരെ നിര്‍ത്താനാവില്ലെന്ന് ഉടമ പറഞ്ഞെങ്കിലും സിഐടിയു നേതൃത്വം സമ്മതിച്ചില്ല. അവസാനം ലോക്കല്‍ കമ്മറ്റി നേതൃത്വത്തോട് പരാതിപ്പെട്ടപ്പോള്‍ രണ്ടുപേരെ ഒഴിവാക്കി.
തട്ടിലെ പണി കരാറുകാരനും തൊഴിലാളികളും ചെയ്തപ്പോള്‍ യന്ത്രസഹായത്താല്‍ കുഴ ഉണ്ടാക്കല്‍ മാത്രമാണ് താഴെ നിന്ന തൊഴിലാളികള്ചെയ്തത്. രാവിലെ ഒമ്പതിന് തുടങ്ങിയ ജോലി 11.30ന് അവസാനിച്ചെങ്കിലും അമിതമായ കൂലിയാണ് ഇവര്‍ വാങ്ങിയത്. സ്ത്രീ തൊഴിലാളികള്‍ക്ക് 650 രൂപയും പുരുഷ തൊഴിലാളികള്‍ക്ക് 800 രൂപ വീതവും നിര്‍ബന്ധിച്ച് വാങ്ങുകയായിരുന്നു. കൂടാതെ അനാമത്തെന്ന് പറഞ്ഞ് 1,000 രൂപ വേറെയും. നോക്കുകൂലി വാങ്ങില്ലെന്ന് നേതൃത്വം ആണയിട്ട് പറയുമ്പോഴും മറ്റൊരുതരത്തില്‍ പാവങ്ങളെ പിഴിയാനാണ് സംഘടിത തൊഴിലാളി സംഘടനകളുടെ നീക്കം. അതേസമയം ബിഎംഎസ് തൊഴിലാളിക്ക് കരാര്‍ കൊടുത്തതാണ് സഖാക്കളെ ചൊടിപ്പിച്ചതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: