ആലപ്പുഴ: കുപ്പപ്പുറം ആശുപത്രിക്ക് സമീപം പൊട്ടനാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് സഞ്ചരിക്കുന്നതിനായി ബോട്ട് സര്‍വീസ് ആരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന് ജലഗതാഗത ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. സ്ഥലത്തേക്ക് ബോട്ട് ജെട്ടികള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പും ജലസേചന വകുപ്പും മുന്‍കൈയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. നെഹ്റു ട്രോഫി വാര്‍ഡിലെയും കൈനകരി ഒന്നാം വാര്‍ഡിലെയും താമസക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. രണ്ടുകിലോമീറ്ററോളം നടന്നാണ് ഇവര്‍ ഇപ്പോള്‍ യാത്രാ ബോട്ടില്‍ കയറുന്നത്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. രാവിലെ ഒമ്പതിനും വൈകിട്ട് നാലിനും ഓരോ ബോട്ട് അനുവദിച്ചു കിട്ടിയാല്‍ യാത്രാദുരിതം അവസാനിക്കുമെന്നും പരാതിയില്‍ പറയുന്നു.
കമ്മീഷന് ജലഗതാഗത വകുപ്പില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പൊട്ടനാര് ബോട്ട് സര്‍വീസിന് അനുയോജ്യമല്ലെന്നും ബോട്ട് ജെട്ടികള്‍ നിലവിലില്ലെന്നും ജലഗതാഗത വകുപ്പ് വിശദീകരിച്ചു. ആറിന് ആഴം കൂട്ടേണ്ടതുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ ശാസ്ത്രീയ പഠനം നടന്നതായി കാണുന്നില്ലെന്ന് കമ്മീഷന് ഉത്തരവില്‍ നിരീക്ഷിച്ചു. ബോട്ട് ജെട്ടി നിര്‍മ്മിച്ച് നല്കാന് തയ്യാറാണെന്ന് നാട്ടുകാര്‍ കമ്മീഷന് മുമ്പാകെ ബോധിപ്പിച്ചു. ഉത്തരവ് ജലഗതാഗത വകുപ്പിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: