ആലപ്പുഴ: ഹരിപ്പാട് നെല്‍പ്പുരക്കടവ് പടിഞ്ഞാറേ പറമ്പിക്കേരി പാടശേഖരത്ത് നിയമം ലംഘിച്ച് നിലം നികത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ പിടിച്ചെടുത്ത യന്ത്രം ബന്ധപ്പെട്ടവര്‍ മടക്കിക്കൊണ്ടുപോയ സംഭവത്തില്‍ വില്ലേജ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തതായി ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. തഹസില്‍ദാര്‍ക്കെതിരെ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കുകയും പോലീസിന്റെ ഭാഗത്തു നിന്ന് അനാസ്ഥ ഉണ്ടായോ എന്നതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയും ചെയ്യും. 40 ഏക്കറോളം നിലം അനധികൃതമായി നികത്താനുള്ള ശ്രമം തടഞ്ഞ് ഇക്കഴിഞ്ഞ 18ന് കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.
എന്നാല്‍ നിലം നികത്താനുപയോഗിച്ച യന്ത്രത്തിന്റെ വിവരം മഹസറില്‍ ചേര്ക്കാതിരുന്നതു മൂലം കക്ഷികള്‍ അവ കൊണ്ടുപോയതാണെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് ഗുരുതരമായ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തത്. യന്ത്രങ്ങളുപയോഗിച്ച് പാടശേഖരത്തിന്റെ ഒരു ഭാഗം കുഴിച്ച് പുരയിടമായി പരിവര്‍ത്തനപ്പെടുത്തുകയായിരുന്നു. സ്ഥലം സന്ദര്‍ശിച്ച കളക്ടര്‍ യന്ത്രങ്ങള്‍ പിടിച്ചെടുക്കാന്‍ പൊലീസിനും അനധികൃത നിലംനികത്തല്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും നടപടിയെടുക്കാനും തഹസില്‍ദാര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: