ആലപ്പുഴ: പതിറ്റാണ്ടുകളായി വാഗ്ദാനത്തിലൊതുങ്ങിയ ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് വഴിച്ചേരിയില്‍ 23ന് തറക്കല്ലിടും. സിപിഎം-സിപിഐ തര്‍ക്കങ്ങള്‍ക്കിടെയാണ് കല്ലിടല്‍ കര്‍മ്മം നടക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ കല്ലിടുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണോയെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ആകെ 10.05 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സ്വകാര്യ ബസ് സ്റ്റാന്‍ഡിന് നിലവില്‍ നഗരസഭ മാറ്റിവച്ചിരിക്കുന്നത് 52,16,634 രൂപ മാത്രമാണ്. ഈ പണം ഉപയോഗിച്ച് ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ് നഗരസഭാദ്ധ്യക്ഷ മേഴ്സി ഡയാന മാസിഡോ പത്രസമ്മേളനത്തില്‍ പറഞ്ഞത്. 100 ദിവസം കൊണ്ട് നിലവിലുള്ള ലോറി സ്റ്റാന്‍ഡ് പുനഃക്രമീകരിച്ച് ബസുകള്‍ കയറിയിറങ്ങത്തക്കവിധം യാത്രക്കാര്‍ക്കുള്ള വിശ്രമമുറിയും ചുറ്റുമതിലും ചേര്‍ത്താണ് ഒന്നാംഘട്ടം ക്രമീകരിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ബസ് സ്റ്റാന്‍ഡിലേക്ക് ആവശ്യമായ ടോയ്ലറ്റ് നിര്‍മ്മാണത്തിന് 35 ലക്ഷം രൂപ തോമസ് ഐസക് എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. കൗണ്‍സിലിന്റെ തീരുമാനപ്രകാരം കോസ്റ്റ് ഫോര്‍ഡിനെയാണ് ബസ് സ്റ്റാന്‍ഡിന്റെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ അവശേഷിക്കെ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം ജനത്തെ കബളിപ്പിക്കാനുള്ള പ്രഹസനം മാത്രമാണെന്ന് ആക്ഷേപമുയര്‍ന്നുകഴിഞ്ഞു.
അതിനിടെ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ തര്‍ക്കം തുടരുകയാണ്. നേരത്തെ സിപിഐ നിര്‍ദേശിച്ചയാള്‍ക്ക് കരാര്‍ നല്‍കണമെന്നാവശ്യപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. സിപിഎമ്മിലെ ഒരുവിഭാഗം മറ്റൊരു കരാറുകാരനെയും നിര്‍ദേശിച്ചു. നിലവില്‍ ഇതെല്ലാം ഒഴിവാക്കി സര്‍ക്കാര്‍ ഏജന്‍സിയെയാണ് നിര്‍മ്മാണം ഏല്‍പ്പിച്ചിട്ടുള്ളത്. വിയോജിപ്പ് വ്യക്തമാക്കി വൈസ് ചെയര്മാന് ബി. അന്‍സാരി പത്രസമ്മേളനത്തിലും പങ്കെടുത്തില്ല. 23ന് നടക്കുന്ന സമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പി. തിലോത്തമന് പങ്കെടുക്കുമെന്ന് പ്രചരണമുണ്ടെങ്കിലും വിട്ടുനില്‍ക്കുമെന്നാണ് അറിയുന്നത്. വൈകിട്ട് 3.30ന് കെ.സി. വേണുഗോപാല്‍ എംപി ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കും. ജി. സുധാകരന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: