ചേര്‍ത്തല: സ്വകാര്യവസ്തുവില് അതിക്രമിച്ച് കയറി വേലിപൊളിച്ച സംഭവത്തില്‍ ചേര്‍ത്തല മുനിസിപ്പല്‍ സെക്രട്ടറിക്കും ചെയര്പേഴ്സണുമെതിരെ കേസെടുക്കാന്‍ ഉത്തരവ്. ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മുനിസിപ്പല്‍ സെക്രട്ടറി ഒന്നാം പ്രതിയായും ചെയര്‍പേഴ്സണ്‍ രണ്ടാം പ്രതിയായും കണ്ടാലറിയാവുന്ന എട്ട് നഗരസഭാ ഉദ്യാഗസ്ഥരെയും പ്രതികളാക്കി കേസെടുക്കാന്‍ ഉത്തരവിട്ടത്.
ബ്രാഹ്മണ സമൂഹമഠം സെക്രട്ടറി കെ. കണ്ണന്റെ ഹര്ജിയിന്മേലാണ് നടപടി. ചേര്‍ത്തല ദേവീ ക്ഷേത്രത്തിന് വടക്ക് വശത്തുള്ള ബ്രാഹ്മണ സമൂഹമഠത്തിന്റെ ഉടമസ്ഥതയിലുള്ള 249/1 എന്ന സര്‍വ്വേ നമ്പറിലുള്ള 20 സെന്റ് പുരയിടത്തില്‍ ഉള്‍പ്പെട്ട 5.9 മീറ്റര്‍ വഴിയില്‍ ഏഴു മീറ്ററോളം നീളത്തില്‍ വേലി കെട്ടി മറച്ചിരുന്നു. പൊതുറോഡില്‍ നിന്ന് ബ്രാഹ്മണ സമൂഹമഠത്തിന്റെ ഓഫീസിലേക്കും ഹാളിലേക്കും പ്രവേശിക്കുന്നതിനുള്ള വഴിയാണിത്. ഇവിടെയാണ് പ്രതികള്‍ അതിക്രമിച്ച് കയറി വേലി പൊളിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഇവിടെ യാതൊരുതരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍പാടില്ലെന്ന് ചേര്‍ത്തല മുനിസിഫ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം കോടതി നിയോഗിച്ച അഡ്വ. കമ്മീഷന് തിട്ടപ്പെടുത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം പ്രതികളോ മറ്റാരെങ്കിലുമോ സ്ഥലത്ത് പ്രവേശിക്കുകയോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചേര്‍ത്തല പോലീസ് ഇന്‍സ്പെക്ടര്‍, എഎസ്ഐ, മൂന്ന് പോലീസുദ്യോഗസ്ഥര്‍ എന്നിവരാണ് വാദി ഭാഗം സാക്ഷികള്‍. ബ്രാഹ്മണ സമൂഹമഠത്തിന് വേണ്ടി അഡ്വ. വി.എസ്. രാജന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: