കോട്ടയം: യുഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുഖ്യമന്ത്രിയുടെ കുടുംബവീടിന് മുന്നില്‍ വിഎസ്ഡിപിക്കാര് നടത്തുന്ന കിടപ്പു സമരം സര്‍ക്കാര്‍ ചീഫ് വിപ്പ് തന്നെ ഉദ്ഘാടനം ചെയ്യുന്നത് വിവാദമാകുന്നു. രേഖാമൂലം നാടാര്‍ സമുദായത്തിന് യുഡിഎഫ് സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ടാണ് വിഎസ്ഡിപിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ അഞ്ചരമുതല്‍ പുതുപ്പള്ളിയിലെ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ കിടപ്പു സമരം സംഘടിപ്പിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ സംവിധാനത്തില്‍ ചീഫ്വിപ്പായി തുടരുകയും യുഡിഎഫിന്റെ ഘടകകക്ഷിയായി കേരള കോണ്‍ഗ്രസ് എമ്മിന്റെ വൈസ് ചെയര്മാന് പദവി വഹിക്കുകയും ചെയ്യുന്ന പി.സി ജോര്‍ജ്ജ് തന്നെ സമരം ഉദ്ഘാടനം ചെയ്യാനെത്തുന്നത് യുഡിഎഫിലും കോണ്‍ഗ്രസ് നേതാക്കന്മാര്ക്കിടയിലും മുറുമുറുപ്പുയര്ത്തിയിട്ടുണ്ട്.
പി.സി ജോര്‍ജ്ജ് നേരത്തെയും സര്‍ക്കാരിനും ഉമ്മന്‍ചാണ്ടിക്കുമെതിരെ നിലപാടുകള്‍ എടു ക്കുകയും പരസ്യ പ്രസ്താവന നടത്തുകയും ചെയ്തതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. യൂത്ത്കോണ്‍ഗ്രസ് പി.സി ജോര്‍ജ്ജിന്റെ കോലം കത്തിക്കലും വഴിയില്‍ തടയലുമായി രംഗത്തുവരികയും ചെയ്തു.
കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണി ബാറുടമകളില്‍ നിന്നും ഒരു കോടി രൂപ കോഴ കൈപ്പറ്റിയെന്ന ആരോപണം പുറത്തുവന്നയുടന്‍ ഉമ്മന്‍ചാണ്ടിയാണ് ഇതിന് പിന്നിലെന്ന ആക്ഷേപവുമായി പി.സി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. കെ.എം മാണിക്കെതിരെ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നടത്തിയ ചരടുവലികളാണ് കോഴ വിവാദത്തിന് പിന്നിലെന്ന് കേരള കോണ്‍ഗ്രസ് എം നേതൃത്വവും അടക്കം പറയുന്നുണ്ട്. രാഷ്ട്രീയ സ്ഥിതികള്‍ ഇതായിരിക്കേ മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ പി.സി ജോര്‍ജ്ജ് തന്നെ സമരവുമായി എത്തുന്നത് വരു ദിവസങ്ങളില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: