ചവറ: ചവറയുടെ അഭിമാനമായിരുന്ന പ്രിമോ പൈപ്പ് ഫാക്ടറി അടച്ച് പൂട്ടിയിട്ട് 30 വര്‍ഷം പിന്നിട്ടു. ഇപ്പോള്‍ ഫാക്ടറിയുടെ സ്ഥലം സാമൂഹ്യവിരുദ്ധരുടെയും കഞ്ചാവ് ലോബിയുടെയും താവളമായിരിക്കുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എന്‍.കെ.പ്രേമചന്ദ്രന് ജലവിഭവ മന്ത്രിയായിരിക്കെ ഇവിടെ പിവിസി പൈപ്പ് ഫാക്ടറി നിര്‍മ്മിക്കാന്‍ നടപടികള്‍ ആരംഭിക്കുകയും തറക്കല്ലിടല്‍ നടത്തുകയും ചെയ്തിരുന്നു. ഫാക്ടറിക്കായി പണം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്ന് പൊള്ളയായ പ്രഖ്യാപനം നടത്തിയതും ജനം മറന്നിട്ടില്ല.
എന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ കീഴിലെ പ്രിമോ ഫാക്ടറിയുടെ സ്ഥലത്ത് പിവിസി പൈപ്പ് ഫാക്ടറി സ്ഥാപിക്കാനുള്ള നടപടി ഇലക്ഷന് മുമ്പ് വോട്ടുറപ്പാക്കാനുള്ള പ്രചരണം മാത്രമായിരുന്നു എന്നതാണ് സത്യം. അതേസമയം യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ഇവിടെ കണ്‍സ്ട്രക്ഷന്‍ അക്കാദമി സ്ഥാപിക്കാന്‍ നീക്കങ്ങള്‍ തുടങ്ങി. മേസ്തിരിമാര്‍ മുതല്‍ എഞ്ചിനീയര്‍ വരെയുള്ളവര്‍ക്ക് പരിശീലനം നല്കുന്ന അക്കാദമിയാണ് വിഭാവന ചെയ്തത്.
സ്ഥലം എം.എല്‍.എയും തൊഴില്‍ മന്ത്രിയുമായ ഷിബു ബേബിജോണിന്റെ നിര്‍ദേശാനുസരണമായിരുന്നു നീക്കങ്ങള്‍. ഇതിനായി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി തറക്കല്ലിടല്‍ നടത്തി. എന്നിട്ടും പിന്നീട് കാര്യമായ നടപടികളൊന്നും കാണാനായില്ല. പത്ത് ഏക്കര്‍ വരുന്ന സ്ഥലം കാടുകയറി കഴിഞ്ഞു. പിവിസി ഫാക്ടറിയും കണ്‍സ്ട്രക്ഷന്‍ അക്കാദമിയും ചവറക്കാരുടെ സ്വപ്നത്തില്‍ മാത്രം അവശേഷിച്ച നിലയിലാണ് ഇപ്പോള്‍. ഇടതുവലതു മുന്നണികള്‍ നടത്തിയ പൊള്ളയായ വാഗ്ദാനങ്ങളും തുടര്‍ച്ചയായ കല്ലീടീലുകളും കാരണം ചവറയിലെ ജനങ്ങളുടെ പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. ഇനി വീണ്ടും മറ്റൊരു പദ്ധതിയുടെ കല്ലിടീലിന് സര്‍ക്കാര്‍ തയ്യാറെങ്കില്‍ അതിലും സാക്ഷിയാകാന്‍ ചവറയിലെ ജനങ്ങള്‍ മനസുകൊണ്ട് തയ്യാറാണ്. ഓരോ ഇലക്ഷന് വരുമ്പോഴും ജനങ്ങളെ കവളിപ്പിക്കാന് ഇരുമുന്നണികളും പുതിയ വാഗ്ദാനങ്ങളുമായി രംഗത്ത് വരുകയാണ് പതിവ് . ഇപ്പോള്‍ ഈ സ്ഥലം മദ്യപന്മാരുടെയും മയക്കുമരുന്ന് ലോബിയുടെയും കൈകളിലാണ്. രാത്രികാലങ്ങളില്‍ വഴി നടക്കാന്‍ പോലുമാകാത്ത വിധം അത് ശക്തമായിരിക്കുന്നു. പരാതികള്‍ ബോധിപ്പിച്ചിട്ടും ഈ സ്ഥലത്തേക്ക് പോലീസിന്റെ നിരീക്ഷണം ഉണ്ടാകാത്തതും ജനജീവിതം ദുസഹമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: