ആലപ്പുഴ: ചാരുമൂട് സിപിഎം ഏരിയാ സമ്മേളനത്തില്‍ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിക്കെതിരെ രൂക്ഷവിമര്‍ശനം. ലോക്സഭ തിരഞ്ഞെടുപ്പില്‍ തോറ്റ ബേബി എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയാണെന്ന് സ്വയം പ്രഖ്യാപിച്ചത് പാര്‍ട്ടി വിരുദ്ധമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടി അറിയാതെ ചാരുംമൂട്ടില്‍ എത്തുന്ന ബേബി വ്യവസായിയുടെ ആതിഥ്യം സ്വീകരിച്ചതിനെതിരേയും വിമര്‍ശനമുണ്ടായി. ജില്ലയിലെ സിപിഎമ്മിന്റെ ആദ്യ ഏരിയാ സമ്മേളനത്തില്‍ തന്നെ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എം.എ ബേബി, എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയാണെന്ന് സ്വയം പ്രഖ്യാപിച്ചത് പാര്‍ട്ടിവിരുദ്ധമാണെന്ന് ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പരാജയത്തിനു ശേഷം നിയമസഭയില്‍ നിന്ന് വിട്ടുനിന്നതും പോളിറ്റ്ബ്യൂറോ അംഗത്തിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്ന് ചാരുംമൂട് ലോക്കല്‍ കമ്മറ്റിയില്‍ നിന്നുള്ള നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു.
പാര്‍ട്ടി അറിയാതെ ചാരുംമൂട്ടില്‍ എത്തുന്ന ബേബി അവിടുത്തെ ഒരു വ്യവസായിയുടെ വീട്ടിലാണ് താമസിക്കുന്നത്. പോളിറ്റ്ബ്യൂറോ അംഗം ഇത്തരത്തില്‍ ആതിഥ്യം സ്വീകരിക്കുന്നത് പാര്‍ട്ടി വിരുദ്ധമാണെന്നും വിമര്‍ശനമുണ്ടായി. ഏരിയാ കമ്മറ്റിയില്‍ നിന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. കൂടാതെ പാര്‍ട്ടി കമ്മറ്റികളില്‍ അംഗങ്ങളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നും സമ്മേളനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സ്കൂളില്‍ നിയമനം നടത്തിയതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടെന്നും ആക്ഷേപമുയര്‍ന്നു. 26 അംഗ ഏരിയകമ്മറ്റിയെ 19ആയി ചുരുക്കണമെന്ന കാര്യത്തില്‍ സമ്മേളനത്തില്‍ കടുത്തവിഭാഗീയത നിലനില്‍ക്കുകയാണ്. സംസ്ഥാനകമ്മറ്റി അംഗം അഡ്വ. സി.എസ്. സുജാത, ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ ആര്. നാസര്‍, സജി ചെറിയാന്, കെ. രാഘവന് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സമ്മേളനപ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: