ചിറ്റൂര്‍: മീനാക്ഷിപുരം തമിഴ്നാട് അതിര്‍ത്തിയില്‍ മദ്യഷാപ്പിനു മുന്നില്‍ നടന്ന സംഘട്ടനത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീനാക്ഷിപുരം കുഞ്ചുമേനോന്പതി കാളിയപ്പന്റെ മകന് വിജയന് (35), സര്‍ക്കാര്‍പതി മാരിയപ്പന്റെ മകന് കാര്ത്തികേയന് (29) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഇവരെ വെട്ടിപ്പരിക്കേല്പിച്ച പ്രതി മീനാക്ഷിപുരം ഔട്ട്പോസ്റ്റില്‍ കീഴടങ്ങുകയും ചെയ്തു. പൊള്ളാച്ചി വേട്ടക്കാരന് പുതൂര്‍ മാഹാളിയുടെ മകന് ദൊരൈസ്വാമി (36) ആണ് കീഴടങ്ങിയത്.
മദ്യഷാപ്പിന് മുന്നില്‍ ബൈക്ക് നിര്‍ത്തുന്നതിനെ ചൊല്ലിയാണ് സംഘട്ടനം ഉണ്ടായത്. ഇതില്‍ പരിക്കേറ്റ ഇരുവരുംകൂടെവന്നിരുന്ന മറ്റൊരു സഹൃത്തുമൊന്നിച്ച് ദൊരൈസ്വാമിയെ മര്‍ദിച്ചു. പ്രകോപിതനായ ഇയാള്‍ സമീപത്തുള്ള വീട്ടിലെത്തി അരിവാളുമായി തിരിച്ചെത്തി.
ഇതിനിടെ സംഘം ബൈക്കില്‍ മീനാക്ഷിപുരം വാണിജ്യനികുതി ചെക്കുപോസ്റ്റിനുസമീപമെത്തിയിരുന്നു. ബൈക്കില്‍ പിന്തുടര്ന്നുവന്ന ദൊരൈസ്വാമി മൂവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുവീഴ്ത്തി രണ്ടുപേരെയും വെട്ടുകയായിരുന്നു. പ്രതിയെ പിന്നീട് ആക്രമണ സ്ഥലപരിധിയിലുള്ള ആനമല പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: