പാലക്കാട്: പൂടൂര്‍ പാലത്തിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ട ജഡം തമിഴ്നാട് സ്വദേശിയുടേതാണെന്ന് തെളിഞ്ഞു. കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ കരുങ്കല്‍ മൈലാവിളൈ മംഗലംകുണ്ട് രാമയ്യന്റെ മകന് മണികണ്ഠന് എന്ന കണ്ണന്(29) ആണ് മരിച്ചത്. നാഗര്‍കോവിലില്‍ നിന്നും ഇന്നലെ പാലക്കാട്ടെത്തിയ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നിട്ടുള്ളത്. ശരീരത്തിന് പൊള്ളലേറ്റതും കഴുത്തിലെ മുറിവില്‍ നിന്നും ശ്വാസകോശത്തിലേക്ക് രക്തം ഇറങ്ങിയതുമാണ് മരണകാരണമെന്നാണ് കണ്ടെത്തല്‍. കഴുത്ത് സ്വയം മുറിക്കുമ്പോള്‍ വലത്തെ കയ്യിലും ബ്ലേഡ് തട്ടി മുറിവ് പറ്റിയതായി കണ്ടെത്തി. പുക ശ്വാസകോശത്തില്‍ എത്തിയിരുന്നതിനാല്‍ ജീവനോടെയാണ് തീകൊളുത്തിയതെന്നും തെളിഞ്ഞു. മണ്ണെണ്ണ ഉപയോഗിച്ചാണ് തീ കൊളുത്തിയിട്ടുള്ളത്.
കഴിഞ്ഞ 16 നാണ് കണ്ണന് വീട്ടില്‍ നിന്നും പോന്നതെന്ന് ബന്ധുക്കള്‍ മൊഴി നല്കി. കര്‍ണാടകയില്‍ മരപ്പണി ചെയ്തിരുന്ന ഇയാള്‍ ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. നേരത്തെ കൊല്ലങ്കോട് ഒരു ഇഷ്ടിക കളത്തിലും ഇയാള്‍ ജോലിക്ക് വന്നിരുന്നു. കത്തിക്കരിഞ്ഞ ശരീരത്തിനടുത്തുനിന്നും ലഭിച്ച പാതി കത്തിയ മൊബൈല്‍ ഫോണാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത്. സിം കാര്‍ഡ് കത്തിനശിച്ചിരുന്നെങ്കിലും മൊബൈലിന്റെ ഐ.എം.ഇ നമ്പര്‍ നശിക്കാതിരുന്നതാണ് വഴിത്തിരിവായത്. ടൗണ്‍ നോര്‍ത്ത് സി.ഐ ആര്. ഹരിപ്രസാദ്, എസ്.ഐ എം. സുജിത്ത്, എ.എസ്.ഐ ജലീല്‍, എസ്.സി.പി.ഒ അശോക് കുമാര്‍, സി.പി.ഒമാരായ അഹമ്മദ് കബീര്‍, സുനില്‍, ഉണ്ണി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: